
വെസ്റ്റ് പാം ബീച്ച് (ഫ്ലോറിഡ): വെനിസ്വേലൻ തീരത്ത് ഉപരോധം ലംഘിച്ചെന്ന് ആരോപിക്കപ്പെടുന്ന എണ്ണക്കപ്പലിനെ അമേരിക്കൻ നാവികസേന പിന്തുടരുന്നതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ‘ബെല്ല 1’ (Bella 1) എന്ന കപ്പലിനെയാണ് കഴിഞ്ഞ മണിക്കൂറികളായി യുഎസ് കോസ്റ്റ് ഗാർഡ് പിന്തുടരുന്നത്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ രൂക്ഷമായ മുന്നറിയിപ്പ് നൽകിയ ട്രംപ്, കപ്പൽ ഉടൻ തന്നെ തങ്ങളുടെ നിയന്ത്രണത്തിലാകുമെന്ന് വ്യക്തമാക്കി.
ഫ്ലോറിഡയിലെ പാം ബീച്ചിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കപ്പൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്, ഉടൻ തന്നെ അത് പിടിച്ചെടുക്കും,” ട്രംപ് പറഞ്ഞു. കപ്പൽ തെറ്റായ സ്ഥലത്ത് നിന്നാണ് (വെനിസ്വേല) വരുന്നത് എന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ‘ബെല്ല 1’ എന്ന ടാങ്കർ എണ്ണ ശേഖരിക്കുന്നതിനായി വെനിസ്വേലൻ തീരത്തേക്ക് വരികയായിരുന്നു എന്നാണ് വിമാന നിരീക്ഷണ ഏജൻസികൾ നൽകുന്ന വിവരം.
ഇറാനുമായി ബന്ധമുള്ളതിനാലാണ് ഈ കപ്പലിന് അമേരിക്ക നേരത്തെ ഉപരോധം ഏർപ്പെടുത്തിയിരുന്നത്. ഞായറാഴ്ച യുഎസ് കോസ്റ്റ് ഗാർഡ് കപ്പലിൽ കയറി പരിശോധിക്കാൻ ശ്രമിച്ചെങ്കിലും അനുസരിക്കാതെ കപ്പൽ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് ഓടിച്ചുപോവുകയായിരുന്നു. നിലവിൽ 75-ഓളം ഡിസ്ട്രസ് സിഗ്നലുകൾ (അപായ സന്ദേശങ്ങൾ) കപ്പൽ പുറപ്പെടുവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ മാസം മാത്രം വെനിസ്വേലൻ തീരത്തുനിന്നുള്ള രണ്ട് വമ്പൻ എണ്ണക്കപ്പലുകൾ അമേരിക്ക പിടിച്ചെടുത്തു. ഡിസംബർ 10-ന് ‘സ്കിപ്പർ’ എന്ന കപ്പലും, കഴിഞ്ഞ ശനിയാഴ്ച ചൈനയിലേക്ക് എണ്ണയുമായി പോയ ‘സെഞ്ചുറീസ്’ എന്ന കപ്പലുമാണ് പിടിച്ചെടുത്തത്.












