
വാഷിംഗ്ടൺ: പാനമ – സൂയസ് കനാലുകളിലൂടെ യുഎസിന്റെ സൈനിക, വാണിജ്യ കപ്പലുകൾ സൗജന്യമായി കടത്തിവിടണമെന്ന ആവശ്യമുയര്‍ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ഇല്ലെങ്കിൽ ഇരു കനാലുകളും നിലനിൽക്കില്ലെന്നാണ് ട്രംപ് പറയുന്നത്. ഈ കാര്യങ്ങളിലെ ഉചിതമായ നടപടികൾക്ക് സെക്രട്ടറി മാർകോ റൂബിയോയെ ചുമതല ഏൽപ്പിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
1914ൽ യുഎസ് നിർമിച്ച്, 1999ൽ പാനമയ്ക്ക് കൈമാറിയതാണ് പാനമ കനാൽ. എന്നാൽ, അവര്‍ കരാർ ലംഘിച്ചു. ചൈനയാണ് പാനമ കനാൽ ഇപ്പോൾ നോക്കിനടത്തുന്നത്. അതിനാൽ കനാലിന്റെ നിയന്ത്രണം തിരിച്ചെടുക്കുമെന്ന് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. കനാലിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ സാമ്പത്തികമോ സൈനികമോ ആയ ശക്തി ഉപയോഗിക്കുന്നതിനെ തള്ളിക്കളയില്ലെന്നും ട്രംപ് വ്യക്തമാക്കിയതാണ്. വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും ഇടയിലുള്ള ഇടുങ്ങിയ ഭാഗത്തിലൂടെയാണ് പാനമ കനാൽ കടന്നുപോകുന്നത്. യുഎസ് കണ്ടെയ്നർ ഗതാഗതത്തിന്റെ ഏകദേശം 40 ശതമാനവും ഇതിലൂടെയാണ് കടന്നുപോകുന്നത്.