
വാഷിംഗ്ടൺ/അബുജ: നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാൻ സൈനിക നടപടി സ്വീകരിക്കുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ക്രിസ്മസ് ദിനത്തിൽ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തിയതായി പ്രഖ്യാപിച്ചു.
നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള സോകോട്ടോ സംസ്ഥാനത്തെ ഐസിസ് ക്യാമ്പുകൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. നൈജറുമായി അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണിത്.
യുഎസ് ആഫ്രിക്ക കമാൻഡ് ആണ് ആക്രമണം നടത്തിയത്. നൈജീരിയൻ സർക്കാരുമായി ഏകോപിപ്പിച്ചായിരുന്നു നീക്കം. ആക്രമണത്തിൽ നിരവധി ഐസിസ് ഭീകരർ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രദേശത്തെ ഭീകരവാദ ക്യാമ്പുകൾ അമേരിക്കൻ സേന തകർത്തു.
ആക്രമണത്തിന് മുൻപ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ച നടത്തിയിരുന്നതായി നൈജീരിയൻ വിദേശകാര്യ മന്ത്രി യൂസഫ് തുഗ്ഗർ വെളിപ്പെടുത്തി. നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബുവിന്റെ പൂർണ്ണ സമ്മതത്തോടെയാണ് ഈ സൈനിക നടപടി ഉണ്ടായത്. നൈജീരിയയിൽ ക്രൈസ്തവ സമൂഹത്തിന് നേരെയുണ്ടാകുന്ന വിവേചനവും അക്രമങ്ങളും തടയാൻ അമേരിക്ക ഇടപെടണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ സൈനിക നീക്കം വിലയിരുത്തപ്പെടുന്നത്.















