
വാഷിംഗ്ടൺ: ആറ് ലക്ഷം ചൈനീസ് വിദ്യാർത്ഥികൾക്ക് അമേരിക്കൻ കോളേജുകളിൽ പഠിക്കാൻ അവസരം നൽകുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇത് അദ്ദേഹത്തിന്റെ ഉറച്ച പിന്തുണക്കാരിൽ നിന്ന് തന്നെ വിമർശനങ്ങൾക്ക് കാരണമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായോ ഗവേഷണ മേഖലകളുമായോ ബന്ധമുള്ള ചൈനീസ് പൗരന്മാരുടെ വിസകൾ ശക്തമായി റദ്ദാക്കും എന്ന മുൻ തീരുമാനത്തിൽ നിന്നുള്ള ഒരു വലിയ മലക്കം മറിച്ചിലാണിത്.
“അവരുടെ വിദ്യാർത്ഥികളെ രാജ്യത്തേക്ക് വരാൻ ഞങ്ങൾ അനുവദിക്കും. ഇത് വളരെ പ്രധാനമാണ്, 6 ലക്ഷം വിദ്യാർത്ഥികൾ. ഇത് വളരെ പ്രധാനപ്പെട്ടതാണ്. എന്തൊക്കെയായാലും ഞങ്ങൾ ചൈനയുമായി നല്ല ബന്ധത്തിൽ മുന്നോട്ട് പോകും” ട്രംപ് പറഞ്ഞു. വാഷിംഗ്ടണിന് അപൂർവ എർത്ത് കാന്തങ്ങൾ ലഭിക്കുന്നുണ്ടെന്ന് ബീജിംഗ് ഉറപ്പാക്കണം. അല്ലാത്തപക്ഷം 200 ശതമാനം താരിഫ് നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാലും, ചൈനീസ് വിദ്യാർത്ഥികളെ യുഎസിൽ പഠിക്കാൻ അനുവദിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ബീജിംഗുമായി നിർണായക വ്യാപാര ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ നീക്കം. ലോകത്തിലെ രണ്ട് വലിയ സാമ്പത്തിക ശക്തികൾ താരിഫുകൾ, അമേരിക്കൻ വ്യവസായങ്ങൾക്ക് നിർണായകമായ അപൂർവ എർത്ത് വിതരണം, യുഎസ് നിർമ്മിത അഡ്വാൻസ്ഡ് എഐ ചിപ്പുകളിലേക്കുള്ള ചൈനയുടെ പ്രവേശനം എന്നിവയിൽ പൊതുവായ ഒരു ധാരണയിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ട്രംപിന്റെ വിശ്വസ്തരായ പല അനുയായികൾക്കും ഈ നയവ്യത്യാസം അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് ‘അമേരിക്ക ഫസ്റ്റ്’ അജണ്ടയെ ഒറ്റിക്കൊടുക്കുന്നതാണെന്ന് അവർ കരുതുന്നു.