
വാഷിംഗ്ടൺ: ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നാഷണൽ ഗാർഡിൽ പ്രത്യേക സേനാവിഭാഗം രൂപീകരിക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ ചുമതലപ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെച്ചു. വാഷിംഗ്ടൺ ഡിസിയിൽ ട്രംപിന്റെ കുറ്റകൃത്യ വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി വിന്യസിക്കപ്പെട്ട നാഷണൽ ഗാർഡ് സൈനികർക്ക് ആയുധങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിക്കൊണ്ട് കഴിഞ്ഞയാഴ്ച ഹെഗ്‌സെത്ത് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
തിങ്കളാഴ്ച മുതൽ ഡിസിയിൽ വിന്യസിച്ച നാഷണൽ ഗാർഡ് അംഗങ്ങൾ ആയുധങ്ങൾ കൈവശം വെച്ച് തുടങ്ങി. ഈ ദൗത്യം നടപ്പാക്കുന്ന ജോയിന്റ് ടാസ്ക് ഫോഴ്‌സിന്റെ വക്താവ് സിഎൻഎന്നിനോടാണ് ഇക്കാര്യം പറഞ്ഞത്. ഈ നടപടി ഒരു നിയമമാക്കാൻ കോൺഗ്രസിനോട് ആവശ്യപ്പെടുമെന്ന് തിങ്കളാഴ്ച ഓവൽ ഓഫീസിൽ വെച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡെമോക്രാറ്റുകൾ പോലും ഇതിന് വോട്ട് ചെയ്യുമെന്ന് ഞാൻ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ട്രംപ് മറ്റ് ചില എക്സിക്യൂട്ടീവ് ഓർഡറുകളിലും ഒപ്പുവെച്ചു. ക്യാഷ്‌ലെസ് ജാമ്യം അനുവദിക്കുന്ന സ്ഥലങ്ങൾക്ക് ഫെഡറൽ ഫണ്ടിംഗ് തടയുന്നത് ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഡിസിയിലെ ക്രിമിനൽ പ്രതികളെ വിചാരണയ്ക്ക് മുൻപ് ഫെഡറൽ ജയിലിൽ പാർപ്പിക്കുന്നതിനായി ആവശ്യമെങ്കിൽ ഫെഡറൽ കസ്റ്റഡിയിലേക്ക് മാറ്റാനുള്ള നിർദ്ദേശങ്ങളും ഈ ഓർഡറിലുണ്ട്. അമേരിക്കൻ പതാക കത്തിക്കുന്നവർക്ക് ഒരു വർഷം വരെ തടവ് ശിക്ഷ നൽകുന്ന മറ്റൊരു ഓർഡറിലും ട്രംപ് ഒപ്പുവെച്ചു. കുറ്റകൃത്യം ചെയ്തതായി തെളിഞ്ഞാൽ ഈ ശിക്ഷ ബാധകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.