
വാഷിംഗ്ടൺ: വിലക്കയറ്റം സംബന്ധിച്ച ആശങ്കകൾ ഉയരുന്നതിനിടെ ആശ്വാസ നീക്കവുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ബീഫ്, കാപ്പി, ഉഷ്ണമേഖലാ പഴങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഉൽപ്പന്നങ്ങളുടെ തീരുവ ഒഴിവാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവെച്ചു. ഭക്ഷ്യവസ്തുക്കൾക്ക് വില ഉയരുന്നതിൽ വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് ഈ നീക്കം.
പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് ചായ, പഴച്ചാറുകൾ, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങൾ, വാഴപ്പഴം, ഓറഞ്ച്, തക്കാളി, ചില വളങ്ങൾ തുടങ്ങിയവയുടെ തീരുവ നീക്കം ചെയ്യുന്നതാണ്. ഈ ഉൽപ്പന്നങ്ങളിൽ പലതും ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയം.
അർജന്റീന, ഇക്വഡോർ, ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നിവയുമായി യുഎസ് കരാറുകളിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഉത്തരവ് വന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതി കുറയ്ക്കുക എന്നതാണ് ഈ കരാറുകളുടെ ലക്ഷ്യം. ഇറക്കുമതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കാപ്പിയുടെ തീരുവ കുറയ്ക്കുന്നതും പദ്ധതിയുടെ ഭാഗമാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് സൂചന നൽകിയിരുന്നു.
ഈ മാസം ആദ്യം നടന്ന ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റികുകൾക്ക് മികച്ച വിജയം നേടാനായതോടെ ജനഹൃദയങ്ങളിലേക്കെത്താനുള്ള കൂടുതൽ നീക്കങ്ങളുടെ ഭാഗമാണ് റിപ്പബ്ലിക്കൻ നേതാവ് ട്രംപിൻ്റേത്. വിർജീനിയയിലെയും ന്യൂജേഴ്‌സിയിലെയും വോട്ടർമാരുടെ പ്രധാന പ്രശ്‌നം സാമ്പത്തിക ആശങ്കകളായിരുന്നു. ഇതോടെ ട്രംപിന് അവഗണിക്കാൻ കഴിയാത്ത മുൻഗണനയായി വിലക്കയറ്റം മാറുന്നുവെന്നും റിപ്പോർട്ടുണ്ട്. പണപ്പെരുപ്പവും വിലക്കയറ്റവും പല അമേരിക്കക്കാർക്കും ഒരു പ്രധാന തലവേദനയായി മാറിയതിന്റെ ഓർമ്മപ്പെടുത്തലായാണ് തിരഞ്ഞെടുപ്പ് വിജയങ്ങൾ മാറിയതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ഏപ്രിലിൽ, ട്രംപ് ഭരണകൂടം വിദേശ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തിത്തുടങ്ങി. ഈ തീരുവകൾ വിലക്കയറ്റത്തിലേക്ക് നിയിക്കുന്നില്ലെന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ ഭരണകൂടവും വാദിച്ചു. എന്നിരുന്നാലും,റിപ്പോർട്ടുകൾ മറിച്ചാണ് കാണിക്കുന്നത്. പ്രത്യേകിച്ച് ബീഫിന്റെ ഉയർന്നത് പലരും ചൂണ്ടിക്കാട്ടി. പ്രധാന ബീഫ് കയറ്റുമതിക്കാരായ ബ്രസീലിനെതിരായ തീരുവയാണ് ഈ വിലക്കയറ്റത്തിന് കാരണമായതെന്ന് അസോസിയേറ്റഡ് പ്രസിൻ്റെ റിപ്പോർട്ടിലുണ്ട്.
Trump signs order to lift tariffs on US beef, coffee, fruit.












