
വാഷിംഗ്ടൺ : അടുത്ത മാസം മുതൽ ചൈനയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 100% അധിക താരിഫ് ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. നിർണായക സോഫ്റ്റ്‌വെയറുകളിൽ കയറ്റുമതി നിയന്ത്രണങ്ങളും യുഎസ് ഏർപ്പെടുത്തുമെന്ന് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും റദ്ദാക്കി.
ചൈനയിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് ഇതോടെ മൊത്തം തീരുവ 150% വരെ ആയേക്കും. നിലവിൽ സ്റ്റീലിനും അലുമിനിയത്തിനും 50%, കൺസ്യൂമർ ഉൽപന്നങ്ങൾക്ക് 7.5%, മറ്റ് ഉൽപന്നങ്ങൾക്ക് 40% എന്നിങ്ങനെയാണ് ചൈനയ്ക്കുമേൽ യുഎസ് തീരുവ ഈടാക്കുന്നത്. യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമായി ചൈന മാറും.
വെള്ളിയാഴ്ച, ചൈനയിൽ നിന്നുള്ള അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) കയറ്റുമതിക്ക് ഷി ഭരണകൂടം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ നീക്കത്തിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. ചൈന “വളരെ ശത്രുത പുലർത്തുന്നു” എന്നും ലോകത്തെ “തടങ്കലിൽ” നിർത്താൻ ശ്രമിക്കുന്നു എന്നും ട്രംപ് ആരോപിച്ചു. “ചൈനയിൽ വളരെ വിചിത്രമായ ചില കാര്യങ്ങൾ സംഭവിക്കുന്നു!” ട്രംപ് വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിൽ എഴുതി. “അവർ വളരെ ശത്രുതയിലാകുന്നു.”
ട്രംപിന്റെ പ്രസ്താവനകളെത്തുടർന്ന് സാമ്പത്തിക വിപണികളിൽ വൻ ഇടിവ് രേഖപ്പെടുത്തി. കാറുകൾ, സ്മാർട്ട്‌ഫോണുകൾ, എന്നിവയുടെ ഉത്പാദനത്തിൽ ചൈനയാണ് ആധിപത്യം പുലർത്തുന്നത്.
ഈ വർഷം ആദ്യം ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ നിയന്ത്രണങ്ങൾ കർശനമാക്കിയപ്പോൾ യുഎസ് സ്ഥാപനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. കാർ നിർമ്മാതാക്കളായ ഫോർഡിന് താൽക്കാലികമായി ഉത്പാദനം നിർത്തേണ്ടിയും വന്നു. യുഎസ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതോ പ്രവർത്തിപ്പിക്കുന്നതോ ആയ കപ്പലുകൾക്ക് പുതിയ പോർട്ട് ഫീസ് ഈടാക്കുമെന്നും ബീജിംഗ് അറിയിച്ചു. ട്രംപിന്റെ താരിഫ് നടപടിയിൽ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.















