
വാഷിംഗ്ടൺ: യുക്രെയ്നിലെ സമാധാനം ലക്ഷ്യമിട്ടുള്ള ഊർജ്ജിതമായ ശ്രമങ്ങൾക്കിടയിൽ, അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രമുഖ യൂറോപ്യൻ നേതാക്കളുമായി സംസാരിച്ചതായി റിപ്പോർട്ട്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ എന്നിവരുമായാണ് ട്രംപ് ഫോൺ സംഭാഷണം നടത്തിയത്. ഈ ആഴ്ച യൂറോപ്യൻ നേതാക്കളെ ട്രംപ് ക്ഷയിച്ചുകൊണ്ടിരിക്കുന്നവർ എന്ന് വിശേഷിപ്പിച്ച പശ്ചാത്തലത്തിൽ, യുഎസും യൂറോപ്പും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെയാണ് ഈ നിർണായക സംഭാഷണം.
ബുധനാഴ്ചത്തെ സംഭാഷണം പ്രധാനമായും യുക്രെയ്ൻ സമാധാന ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി സ്ഥിരീകരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയുമായി നിർദ്ദേശങ്ങൾ കൈമാറ്റം ചെയ്യുന്നതിനിടയിൽ, ഈ മൂന്ന് യൂറോപ്യൻ നേതാക്കളും യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കിയുമായി ഈ ആഴ്ച ലണ്ടനിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
തിങ്കളാഴ്ച ‘പൊളിറ്റിക്കോ’യ്ക്ക് നൽകിയ അഭിമുഖത്തിൽ, സെലെൻസ്കി “ഉടൻ രംഗത്തിറങ്ങി കാര്യങ്ങൾ അംഗീകരിച്ചു തുടങ്ങണം” എന്ന് ട്രംപ് ആവശ്യപ്പെടുകയും, തനന്‍റെ ബഹുമുഖ സമാധാന പദ്ധതി യുക്രെയ്ൻ നേതാവ് വായിച്ചുനോക്കിയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തിരുന്നു.












