
വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വൈറ്റ് ഹൗസ് സന്ദർശനത്തിന് മുന്നോടിയായി പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി ഇന്ന് സംസാരിച്ചു. ട്രംപും നെതന്യാഹുവും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഒരു ഖത്തർ ഉപദേഷ്ടാവ് വൈറ്റ് ഹൗസ് സന്ദർശിച്ചതായും വിഷയത്തെക്കുറിച്ച് അറിയുന്ന രണ്ട് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഗാസയിൽ വെടിനിർത്തൽ ചർച്ചകളിൽ ഖത്തർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ, ഖത്തറിലെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തോടെ ഈ ശ്രമങ്ങൾക്ക് തിരിച്ചടി നേരിട്ടിരുന്നു.
ട്രംപ് ഭരണകൂടത്തിൻ്റെ 21 ഇന ഗാസ സമാധാന പദ്ധതിക്ക് വേഗം കൂട്ടുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പായി വൈറ്റ് ഹൗസിലെ ഖത്തർ ഉപദേഷ്ടാവിൻ്റെ സന്ദർശനം കണക്കാക്കാം. ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന് നെതന്യാഹുവിൻ്റെ മേൽ സമ്മർദ്ദം ചെലുത്താൻ അമേരിക്ക ശ്രമിക്കുന്നു എന്നതിൻ്റെ സൂചനയായി ഇതിനെ വിലയിരുത്താവുന്നതാണ്. ഗാസ യുദ്ധം രണ്ട് വർഷം തികയാനിരിക്കെ സമാധാന ശ്രമങ്ങൾ ഊർജിതമാക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്.