
വാഷിംഗ്ടണ്‍ : ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനിന് അയച്ച 2003ലെ ജന്മദിനാശംസാ കത്തില്‍ ഡോണള്‍ഡ് ട്രംപിന്റെ പേരും നഗ്‌നയായ സ്ത്രീയുടെ ചിത്രവും ഉള്‍പ്പെട്ടുവെന്ന വാള്‍ സ്ട്രീറ്റ് ജേണലിന്റെ വാര്‍ത്തക്കെതിരെ പത്രത്തിനും ഉടമ റൂപര്‍ട്ട് മര്‍ഡോക്കിനും എതിരെ കേസ് കൊടുത്ത് യുഎസ് പ്രസിഡന്റ്. വാള്‍സ്ട്രീറ്റ് ജേണലിനെതിരെ 10 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.
‘റൂപര്‍ട്ട് മര്‍ഡോക്കിനും അദ്ദേഹത്തിന്റെ ‘ചവറുകൂന’ പത്രമായ വാള്‍സ്ട്രീറ്റ് ജേണലിനുമെതിരായ എന്റെ കേസില്‍ മൊഴി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതൊരു രസകരമായ അനുഭവമായിരിക്കും!’ ട്രംപ് വെള്ളിയാഴ്ച രാവിലെ ട്രൂത്ത് സോഷ്യലില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഡൗ ജോണ്‍സ്, ന്യൂസ് കോര്‍പ്പ്, റൂപര്‍ട്ട് മര്‍ഡോക്ക്, രണ്ട് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ ഫ്‌ളോറിഡയിലെ സതേണ്‍ ഡിസ്ട്രിക്റ്റിലെ ഫെഡറല്‍ കോടതിയിലാണ് ട്രംപ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ അപകീര്‍ത്തിപ്പെടുത്തുകയും ദുരുദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചുവെന്നും അത് അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടവും പ്രശസ്തിക്ക് ദോഷം വരുത്തിവച്ചെന്നും ആരോപിക്കുന്നു. പുറത്തുവന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും ട്രംപ് ശക്തമായി വാദിക്കുന്നുണ്ട്.
യുഎസിലെ നിക്ഷേപ ബാങ്കറായ ജെഫ്രി എപ്സീന്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 2019ലാണ് അറസ്റ്റിലായത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനം മാത്രമല്ല, മനുഷ്യക്കടത്ത് ആരോപണങ്ങളും ഇയാള്‍ നേരിട്ടിരുന്നു. ഈ കേസുകളില്‍ ആഗോള തലത്തില്‍ പ്രശസ്തരായ പല വ്യക്തികളുടെയും പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ട്രംപ് ഉള്‍പ്പെടെ പലരും എപ്സ്റ്റീനുമായി അടുപ്പമുണ്ടെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. ജയിലില്‍ കഴിയുന്നതിനിടെ എപ്സ്റ്റീന്‍ ജീവനൊടുക്കുകയും ചെയ്തു. ഇലോണ്‍ മസ്‌കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ഉടക്കിനിടയിലാണ് എപ്‌സ്റ്റീന്‍ ഫയല്‍സ് ചര്‍ച്ചയായത്.
സമൂഹത്തിലെ ഉന്നതങ്ങളിലെ സ്വാധീനം മൂലം പല സ്ത്രീകളെയും കുട്ടികളെയും എപ്സ്റ്റീനും കൂട്ടാളികളും ലൈംഗികമായി പീഡിപ്പിച്ചു. 2005ല്‍ ഫ്‌ലോറിഡയിലെ പാം ബീച്ചിലാണ് എപ്‌സ്റ്റീനെതിരെ ആദ്യം കേസ് അന്വേഷണം നടത്തിയത്. പതിനാലുകാരിയായ പെണ്‍കുട്ടിയെ എപ്സ്റ്റീന്‍ പീഡിപ്പിച്ചുവെന്ന് ഒരു രക്ഷിതാവ് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ എപ്സ്റ്റീന്‍ 36 പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലായിരുന്നു.