
വാഷിംഗട്ൺ: 2028ലെ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് വരാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പിൻഗാമിയായി വാൻസ് വരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സാധ്യതയുണ്ടെന്ന് കരുതുന്നുവെന്നും എല്ലാ അർത്ഥത്തിലും അദ്ദേഹം വൈസ് പ്രസിഡന്‍റാണെന്നും ട്രംപ് മറുപടി നൽകി.
2028ലെ തിരഞ്ഞെടുപ്പിന് ഇനിയും വർഷങ്ങളുണ്ടെങ്കിലും, ട്രംപിന് റിപ്പബ്ലിക്കൻ പാർട്ടിയിൽ വലിയ സ്വാധീനമുണ്ട്. അതിനാൽ അദ്ദേഹത്തിന്‍റെ പിന്തുണ സൂചിപ്പിക്കുന്ന ഏതൊരു നീക്കത്തിനും വലിയ പ്രാധാന്യമുണ്ട്. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഒരുമിച്ച് ഭാവിയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളായി മത്സരിക്കാമെന്നും ട്രംപ് നിർദ്ദേശിച്ചു.
മുൻപ് 2028ലെ പിൻഗാമിയെക്കുറിച്ച് ട്രംപ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. ഫെബ്രുവരിയിൽ വാൻസ് വളരെ കഴിവുള്ള ആളാണെന്ന് ട്രംപ് പറഞ്ഞിരുന്നുവെങ്കിലും, സ്ഥാനാർത്ഥിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ ഇനിയും സമയമുണ്ടെന്നും പറഞ്ഞിരുന്നു. 40 വയസുള്ള മുൻ മറൈൻ സൈനികനായ വാൻസ്, ട്രംപ് ഭരണകൂടത്തിൽ ഒരു പ്രധാന സ്ഥാനമാണ് വഹിക്കുന്നത്. ട്രംപിന്റെ ആഭ്യന്തര, വിദേശ നയങ്ങൾ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിക്കുന്നു.