
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് ‘വാനിറ്റി ഫെയർ’ മാഗസിന് നൽകിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പെരുമാറ്റത്തെയും ഭരണരീതികളെയും കുറിച്ച് അത്യപൂർവ്വവും എന്നാൽ സ്ഫോടനാത്മകവുമായ കാര്യങ്ങളാണ് സൂസി വൈൽസ് പങ്കുവെച്ചത്. ട്രംപ് മദ്യപിക്കാത്ത ആളാണെങ്കിലും, അദ്ദേഹത്തിന് ഒരു ‘മദ്യപാനിയുടെ സ്വഭാവമാണ്’ ഉള്ളതെന്ന വൈൽസിന്‍റെ പരാമർശമാണ് ഏറ്റവും ശ്രദ്ധേയമായത്.
അമിതമായി മദ്യപിക്കുന്നവരുടെ സ്വഭാവരീതികൾ അവർ മദ്യപിക്കുമ്പോൾ കൂടുതൽ പ്രകടമാകാറുണ്ട്. അത്തരത്തിലുള്ള തീവ്രമായ വ്യക്തിത്വങ്ങളെ കൈകാര്യം ചെയ്യുന്നതിൽ തനിക്ക് മുൻപരിചയമുണ്ടെന്നും, ട്രംപിന്റെ പെരുമാറ്റത്തിൽ ഈ സമാനതകൾ താൻ കാണുന്നുണ്ടെന്നും വൈൽസ് പറഞ്ഞു. തന്റെ പിതാവും പ്രശസ്ത കായിക നിരീക്ഷകനുമായിരുന്ന പാറ്റ് സമ്മറോളും മദ്യപാനത്തോട് പൊരുതിയിരുന്ന ആളാണെന്നും ആ അനുഭവപരിചയം വെച്ചാണ് താൻ ഇത്തരമൊരു വിലയിരുത്തൽ നടത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ എതിരാളികളോടുള്ള ട്രംപിന്റെ പ്രതികാര നടപടികളെക്കുറിച്ചും വൈൽസ് അഭിമുഖത്തിൽ സംസാരിച്ചു. തന്റെ ശത്രുക്കളോട് പകവീട്ടാനുള്ള ട്രംപിന്റെ നീക്കങ്ങൾ രണ്ടാം ഭരണകാലത്തെ ആദ്യ 90 ദിവസത്തിനുള്ളിൽ അവസാനിക്കുമെന്ന് തങ്ങൾക്കിടയിൽ ഒരു ‘അപ്രഖ്യാപിത ധാരണ’ ഉണ്ടായിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. ട്രംപിന്റെ ഇത്തരം പ്രതികാര ചിന്തകൾ കുറയ്ക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, കീഴ്വഴക്കങ്ങൾക്കും ഭരണപരമായ വിശദാംശങ്ങൾക്കും പ്രാധാന്യം നൽകാത്ത ട്രംപ്, അവസരം ലഭിക്കുമ്പോഴെല്ലാം പകവീട്ടാൻ ശ്രമിക്കാറുണ്ടെന്നും അവർ തുറന്നടിച്ചു.
അഭിമുഖം പുറത്തുവന്നതിന് പിന്നാലെ വൈറ്റ് ഹൗസിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. തന്നെയും ഭരണകൂടത്തെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ‘ഹിറ്റ് പീസ്’ എന്നാണ് വൈൽസ് ഈ ലേഖനത്തെ വിശേഷിപ്പിച്ചത്. തന്റെ വാക്കുകൾ തെറ്റായ രീതിയിൽ വളച്ചൊടിച്ചതാണെന്ന് അവർ ആരോപിക്കുന്നുണ്ടെങ്കിലും, അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ അവർ നിഷേധിച്ചിട്ടില്ല. അതേസമയം, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾ വൈൽസിന് പിന്തുണയുമായി രംഗത്തെത്തി. ഭിന്നതകൾ ഉണ്ടെങ്കിലും വൈൽസ് പ്രസിഡന്റിനോട് വിശ്വസ്തയാണെന്നും അവർ മികച്ച രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും സഹപ്രവർത്തകർ പ്രതികരിച്ചു.














