
വാഷിംഗ്ടൺ: കൊറിയൻ ഉപദ്വീപിലെ സമാധാനത്തെക്കുറിച്ചും ഉത്തര കൊറിയയുടെ ആണവായുധ ശേഷിയെക്കുറിച്ചും ദക്ഷിണ കൊറിയൻ പ്രസിഡന്‍റുമായി നടത്തിയ കൂടിക്കാഴ്ചയിൽ, കിം ജോങ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ച നടത്താൻ തയാറെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസ് സന്ദർശന വേളയിൽ, ഇരു കൊറിയകൾക്കുമിടയിൽ സമാധാനം സ്ഥാപിക്കാൻ സഹായിക്കണമെന്ന് ജൂണിൽ തിരഞ്ഞെടുക്കപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യൂങ് ട്രംപിനോട് അഭ്യർത്ഥിച്ചു.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഈ സാഹചര്യം കൂടുതൽ സുസ്ഥിരമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ലോക സമാധാന വിഷയങ്ങളിൽ ഇത്രയധികം താൽപ്പര്യമെടുത്തതും നേട്ടങ്ങൾ കൈവരിച്ചതും താങ്കളാണ്,” ലീ പറഞ്ഞു. “അതുകൊണ്ട് തന്നെ കൊറിയൻ ഉപദ്വീപിൽ സമാധാനം കൊണ്ടുവരാൻ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
“സമാധാന ദൂതനായി” ട്രംപ് പ്രവർത്തിക്കുകയാണെങ്കിൽ താൻ സജീവമായി പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1953-ൽ യുദ്ധം ഒരു വെടിനിർത്തലിൽ അവസാനിച്ചതിനാൽ ഇപ്പോഴും സാങ്കേതികമായി യുദ്ധത്തിലായിരിക്കുന്ന ഉത്തര കൊറിയക്കും ദക്ഷിണ കൊറിയക്കുമിടയിൽ സമാധാനം കൊണ്ടുവരാൻ ട്രംപിന് മാത്രമേ കഴിയൂ എന്നും ലീ പറഞ്ഞു.