ചൈനയുമായുള്ള പ്രശ്നം അൽപ്പം സങ്കീർണ്ണമാണ്, ഇന്ത്യക്ക് ഏർപ്പെടുത്തിയ പോലെ താരിഫ് ഏർപ്പെടുത്തുമോ എന്ന് ചോദ്യം; വാൻസിൻ്റെ മറുപടി

വാഷിംഗ്ടൺ: റഷ്യൻ എണ്ണ ഇറക്കുമതിക്ക് യുഎസ്, ഇന്ത്യക്ക് ഏർപ്പെടുത്തിയ കനത്ത താരിഫിന് പിന്നാലെ, ചൈനയ്ക്കെതിരെയും സമാനമായ നടപടികൾ പരിഗണിക്കുന്നതായി വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അറിയിച്ചു. എന്നാൽ, ചൈനയുമായുള്ള ബന്ധത്തിന്റെ സങ്കീർണ്ണതകൾ കണക്കിലെടുത്ത് അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിലെ ‘സൺഡേ മോണിംഗ് ഫ്യൂച്ചേഴ്സ് വിത്ത് മരിയ ബാർട്ടിറോമോ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു വാൻസ്.

റഷ്യൻ എണ്ണ വാങ്ങിയതിന്റെ പേരിൽ ഇന്ത്യക്കെതിരെ സ്വീകരിച്ചതിന് സമാനമായ താരിഫ് ചൈനയ്‌ക്കെതിരെയും യുഎസ് ഏർപ്പെടുത്തുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വാൻസ്.

“അക്കാര്യം പ്രസിഡന്റ് പരിഗണിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്, പക്ഷേ അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ചൈനയുമായുള്ള പ്രശ്നം അൽപ്പം സങ്കീർണ്ണമാണ്, കാരണം റഷ്യയുമായി ബന്ധമില്ലാത്ത മറ്റ് പല കാര്യങ്ങളെയും നമ്മുടെ ബന്ധം ബാധിക്കുന്നുണ്ട്. അതിനാൽ, പ്രസിഡന്റ് അദ്ദേഹത്തിന്റെ സാധ്യതകൾ പരിശോധിക്കുകയാണ്, ഉചിതമായ സമയത്ത് അദ്ദേഹം തീർച്ചയായും ആ തീരുമാനമെടുക്കും.” – വാൻസ് വ്യക്തമാക്കി.