
ന്യൂയോര്‍ക്ക്: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ്. നിര്‍ദേശങ്ങള്‍ക്കുമുന്നില്‍ ഉപാധികള്‍വെച്ച് റഷ്യ. കഴിഞ്ഞ മൂന്നുമാസമായി ഓണ്‍ലൈനായും നേരിട്ടും നടന്ന സംഭാഷണങ്ങളില്‍ റഷ്യന്‍ അധികൃതര്‍ അമേരിക്കന്‍ പ്രതിനിധികളുമായി ഉപാധികള്‍ വിശദീകരിച്ചുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.
യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ നേരത്തെ യുക്രൈനും യു.എസിനും നാറ്റോയ്ക്കും മുന്നില്‍ വിവിധ ഉപാധികള്‍വെച്ചിരുന്നു. ഇതിന് സമാനമായ ആവശ്യങ്ങള്‍ തന്നെയാണ് ഇത്തവണയും യു.എസിനെ അറിയിച്ചതെന്നാണ് സൂചന. യുക്രൈന് നാറ്റോ അംഗത്വം നല്‍കരുത്, യുക്രൈനില്‍ വിദേശസൈന്യത്തെ വിന്യസിക്കരുത്, ക്രൈമിയ അടക്കം നാലു പ്രവിശ്യകള്‍ തങ്ങളുടേതാണെന്ന് അംഗീകരിക്കണം എന്നീ ആവശ്യങ്ങളാണ് നേരത്തെ റഷ്യ മുന്നോട്ടുവെച്ചത്.
അതേസമയം, യുക്രൈനുമായി വെടിനിര്‍ത്തലിന് റഷ്യ തയ്യാറല്ലെങ്കില്‍ കടുത്ത സാമ്പത്തിക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തി. സൗദി അറേബ്യയില്‍ നടന്ന ചര്‍ച്ചകളില്‍ യു.എസ്. മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ച് 30 ദിവസത്തെ താത്കാലിക വെടിനിര്‍ത്തലിന് തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചിരുന്നു.
ഇക്കാര്യത്തില്‍ ഇനി ഉത്തരവാദിത്വം റഷ്യയ്ക്കാണെന്ന് ട്രംപ് വ്യക്തമാക്കി. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി റഷ്യയിലേക്ക് പ്രതിനിധികളെ അയക്കുമെന്നും ട്രംപ് പറഞ്ഞു. ‘സാമ്പത്തികമായി നെഗറ്റീവായി ബാധിക്കുന്ന നടപടികള്‍ കൈക്കൊള്ളേണ്ടിവരും. അത് റഷ്യയ്ക്ക് വിനാശകരമായിരിക്കും. സമാധാനം പുനഃസ്ഥാപിക്കുക എന്നതാണ് എന്റെ ലക്ഷ്യം. അതിനാല്‍ അത്തരം നടപടികള്‍ക്ക് താത്പര്യമില്ല’, എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
Trump threatens economic sanctions if Russia does not agree to ceasefire