
വാഷിംഗ്ടൺ: തലസ്ഥാന നഗരമായ വാഷിംഗ്ടൺ ഡിസിയിൽ ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും നാഷണൽ ഗാർഡിനെ വിന്യസിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഡോണൾഡ് ട്രംപ്. നഗരത്തിന്‍റെ പോലീസ് നിയന്ത്രണം ഫെഡറൽ സർക്കാർ ഏറ്റെടുക്കുമെന്നും യുഎസ് പ്രസിഡന്‍റ് സൂചന നൽകി. കുറ്റകൃത്യങ്ങൾ വർധിക്കുന്നതിലും ഇലോൺ മസ്കിന്‍റെ സ്റ്റാഫിന് നേരെ നടന്ന ആക്രമണത്തിലും ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് ട്രംപിന്റെ ഈ പ്രസ്താവന.
“നമ്മുടെ തലസ്ഥാനം സുരക്ഷിതമല്ല. ഡിസിയിൽ ഭരണം നടത്തേണ്ടത് നമ്മളാണ്. രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സ്ഥലമായി ഇത് മാറണം” – വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
ഇലോൺ മസ്ക് നേതൃത്വം കൊടുത്തിരുന്ന ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) എന്ന ഏജൻസിയിലെ ജൂനിയർ സ്റ്റാഫ് അംഗമായ എഡ്വേർഡ് കോറിസ്റ്റൈന് നേരെ നടന്ന ആക്രമണമാണ് ട്രംപിന്റെ ഈ പ്രസ്താവനയ്ക്ക് കാരണം. ഒരു പ്രകോപനവുമില്ലാതെയാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നും, ഇതിൽ അദ്ദേഹത്തിന് തലച്ചോറിന് പരിക്കേറ്റെന്നും ഇലോൺ മസ്ക് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഡിസിയെ ഫെഡറൽ ഭരണത്തിന് കീഴിലാക്കാൻ സമയമായെന്നും മസ്ക് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.