
വാഷിംഗ്ടണ്‍ : അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്കും ഉയര്‍ന്ന നികുതി ചുമത്താനുള്ള പദ്ധതിയുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യാപാര യുദ്ധത്തില്‍ വാഹനം മുതല്‍ സ്റ്റീല്‍ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇതിനകം തന്നെ ഉയര്‍ന്ന തീരുവ ചുമത്തിയ ട്രംപ്, ഇതുവരെ ‘വെറുതേവിട്ട’ മരുന്നുകളിലേക്ക് തീരുവ വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ചില രാജ്യങ്ങള്‍ക്ക് അത് 200% വരെ എത്തിയേക്കുമെന്നാണ് ഭീഷണി. ഇത് അമേരിക്കയില്‍ മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുകയും ക്ഷാമത്തിന് കാരണമാവുകയും ചെയ്യുമെന്ന് വിദഗ്ദ്ധര്‍ ഭയപ്പെടുന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
പതിറ്റാണ്ടുകളായി കൂടുതലും യുഎസില്‍ ഡ്യൂട്ടി ഫ്രീ ആയി പ്രവേശിച്ച ഒരു മേഖലയാണ് മരുന്നുകളുടേത്. യൂറോപ്പുമായുള്ള ഒരു സമീപകാല വ്യാപാര കരാറില്‍ ഇതിനകം തന്നെ ചില മരുന്നുകള്‍ക്ക് 15% തീരുവ നിശ്ചയിച്ചിട്ടുണ്ട്, കൂടാതെ മറ്റിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് വളരെ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുമെന്നാണ് പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്നത്. ഇത്തരമൊരു നീക്കം മരുന്നുകളുടെ വില കുറയ്ക്കാനുള്ള ട്രംപിന്റെ പ്രതിജ്ഞയെ ദുര്‍ബലപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളും പ്രായമായവരുമാണ് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരിക. 25% തീരുവ പോലും യുഎസിലെ മരുന്നുകളുടെ വില ക്രമേണ 10-14% വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് സംഭരണം നടത്താനോ ഉല്‍പ്പാദനം യുഎസിലേക്ക് മാറ്റാനോ സമയം നല്‍കുന്നതിന് ട്രംപ് ഒരു വര്‍ഷത്തെ കാലതാമസം നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും, ഇന്‍വെന്ററികള്‍ കുറയുന്നതിനാല്‍ 2027 അല്ലെങ്കില്‍ 2028 ആകുമ്പോഴേക്കും ആഘാതം ഇപ്പോഴും ബാധിക്കുമെന്ന് വിശകലന വിദഗ്ധര്‍ എപിയോട് പറഞ്ഞു.
97% ആന്റിബയോട്ടിക്കുകളും 92% ആന്റിവൈറല്‍ മരുന്നുകളും ഇറക്കുമതി ചെയ്യുന്ന ഘടകങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. മുഴുവന്‍ നിര്‍മാണ ശൃംഖലയും യുഎസില്‍ സ്ഥാപിക്കുന്നത് ചെലവേറിയതായതിനാലാണ് കമ്പനികള്‍ ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍, വന്‍കിട കമ്പനികള്‍ പിടിച്ചുനില്‍ക്കുമെങ്കിലും ജനറിക് മരുന്നുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ യുഎസ് വിടാന്‍ ഇതു കാരണമാകും. മുന്‍കാല കാന്‍സര്‍ മരുന്നുകളുടെ ക്ഷാമത്തില്‍ കണ്ടതുപോലെ ചെറിയ വിതരണ ആഘാതങ്ങള്‍ പോലും രോഗി പരിചരണത്തെ തളര്‍ത്തുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.