
വാഷിംഗ്ടൺ: എല്ലാ H-1B വീസ അപേക്ഷകർക്കും യുഎസിലെ അവരുടെ H-4 വീസ ആശ്രിതർക്കും ഡിസംബർ 15 മുതൽ കർശന സ്‌ക്രീനിംഗും സോഷ്യൽ മീഡിയ പരിശോധനയും നടപ്പിലാക്കുമെന്ന് ട്രംപ് ഭരണകൂടം ഞായറാഴ്ച പ്രഖ്യാപിച്ചു. ഇതോടെ വിദ്യാർത്ഥികൾക്കും എക്‌സ്‌ചേഞ്ച് വീസാ സന്ദർശകർക്കും ഇതിനകം നിലവിലുണ്ടായിരുന്ന നടപടി H-1B, H-4 വീസകളിലേക്കും നീട്ടുകയാണ്. ട്രംപ് ഭരണകൂടം ഇമിഗ്രേഷൻ നിയന്ത്രണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ഏറ്റവും പുതിയ നടപടിയാണ് ഈ കർശന സ്ക്രീനിംഗ് നടപടി.
എല്ലാ H-1B അപേക്ഷകരും അവരുടെ H-4 ആശ്രിത വിസ ഉടമകളും പരിശോധനാ പ്രക്രിയയ്ക്കായി അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ പ്രൈവസി സെറ്റിംഗ്സ് പബ്ലിക് എന്നതിലേക്ക് മാറ്റണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഒരു പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു. “ഈ പരിശോധന സുഗമമാക്കുന്നതിന്, H-1B-യ്‌ക്കുള്ള എല്ലാ അപേക്ഷകരും അവരുടെ ആശ്രിതരും (H-4), F, M, J നോൺ-ഇമിഗ്രന്റ് വിസകളും അവരുടെ എല്ലാ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലെയും സ്വകാര്യതാ ക്രമീകരണങ്ങൾ ‘പബ്ലിക്’ എന്നതിലേക്ക് ക്രമീകരിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു.” കൂടാതെ “എഫ്, എം, ജെ നോൺ-ഇമിഗ്രന്റ് ക്ലാസിഫിക്കേഷനുകളിലെ എല്ലാ വിദ്യാർത്ഥികളുടെയും എക്സ്ചേഞ്ച് വീസ അപേക്ഷകരുടെയും ഓൺലൈൻ സാന്നിധ്യ അവലോകനം ഉൾപ്പെടെ എല്ലാ വിസ അപേക്ഷകരുടെയും സമഗ്രമായ പരിശോധന ഞങ്ങൾ നടത്തുന്നു.” എന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കർശന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ പുതിയ പരിശോധനകൾ വിസ പ്രോസസ്സിംഗിനെ ഇതിനകം കാര്യമായി ബാധിച്ചിട്ടുണ്ട്, സോഷ്യൽ മീഡിയ പരിശോധന പ്രക്രിയയെ നീളുന്നതിനാൽ ഇന്ത്യയടക്കമുള്ള നിരവധി H-1B ഉടമകളുടെ അഭിമുഖങ്ങൾ കൂട്ടത്തോടെ മാറ്റിവെച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വിദ്യാർത്ഥികളും എക്സ്ചേഞ്ച് വിസിറ്ററുകളും യുഎസിലേക്ക് പ്രവേശിക്കാൻ ഉപയോഗിക്കുന്ന എഫ്, എം, ജെ വിസ വിഭാഗങ്ങൾ ഇതിനകം തന്നെ ഈ സ്ക്രീനിംഗ് നടപടികൾക്ക് വിധേയമായിട്ടുണ്ട്.
യുഎസ് വിസ നേടുന്നത് ഒരു ‘അവകാശമല്ല’, മറിച്ച് ഒരു ‘പ്രത്യേകാവകാശമാണെന്നും’ യുഎസിന് സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിച്ചേക്കാവുന്നവർ ഉൾപ്പെടെ അനുവദനീയമല്ലാത്ത അപേക്ഷകരെ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും വകുപ്പ് ഊന്നിപ്പറഞ്ഞു.
ഓരോ വിസ തീരുമാനവും ദേശീയ സുരക്ഷാ വിഷയമായി കണക്കാക്കുന്നുവെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നത്.
Trump tightens H-1B screening; social media checks from December 15















