
വാഷിംഗ്ടണ്‍: ട്രംപിന്‍റെ ദീർഘകാല സഖ്യകക്ഷിയും മുൻ ന്യൂയോർക്ക് മേയറുമായ റുഡോൾഫ് ഗില്ലിയാനിയെ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ഈ പ്രഖ്യാപനം. ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ ഗില്ലിയാനിക്ക് നട്ടെല്ലിനും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിൽ ന്യൂ ഹാംഷെയറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ട്രംപ് സോഷ്യൽ മീഡിയയിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും മഹാനായ മേയറും, അതുപോലെ മഹാനായ അമേരിക്കൻ ദേശസ്നേഹിയുമാണ് ഗില്ലിയാനിയെന്ന് ട്രംപ് അദ്ദേഹത്തെ വിശേഷിപ്പിച്ചു.
രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഈ പുരസ്കാരം, 2001-ലെ സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം “അമേരിക്കയുടെ മേയർ” എന്ന നിലയിൽ ഗില്ലിയാനി വഹിച്ച പങ്കിനെ അടയാളപ്പെടുത്തുന്നതാണ്. എന്നാൽ 2020-ലെ തിരഞ്ഞെടുപ്പിൽ ട്രംപിൻ്റെ തിരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണങ്ങളെ പിന്തുണച്ചതിന് ശേഷം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തകർച്ചയിലേക്ക് നീങ്ങി.
തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചതിന് ന്യൂയോർക്കിലും വാഷിംഗ്ടണിലും അദ്ദേഹത്തെ അഭിഭാഷകവൃത്തിയിൽ നിന്ന് വിലക്കിയിരുന്നു. കൂടാതെ, ജോർജിയയിലെയും അരിസോണയിലെയും തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജോർജിയയിലെ രണ്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തിയതിന് 148 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാനും ജൂറി വിധിച്ചിട്ടുണ്ട്.
യുഎസ് സുരക്ഷ, ലോകസമാധാനം, മറ്റ് പൊതു കാര്യങ്ങൾ എന്നിവയ്ക്ക് സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 1963-ൽ സ്ഥാപിച്ചതാണ് മെഡൽ ഓഫ് ഫ്രീഡം. ന്യൂയോർക്കിനെ പ്രതിസന്ധി ഘട്ടങ്ങളിൽ നയിച്ച നേതാവായിരുന്ന ഗില്ലിയാനി, പിന്നീട് അമേരിക്കൻ രാഷ്ട്രീയത്തിലെ ഒരു വിവാദ നായകനായി മാറുകയായിരുന്നു.













