സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് 25% തീരുവ ചുമത്താന്‍ ട്രംപ്, കാനഡയ്ക്ക് കനത്ത പ്രഹരം, ബ്രസീലിനും മെക്സിക്കോയ്ക്കും പണി

വാഷിംഗ്ടണ്‍ : ആഗോള വ്യാപാരയുദ്ധത്തിന് ചൂടുപിടിപ്പിച്ച് സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് 25% തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നു. കാനഡയ്ക്കായിരിക്കും ഇതു കൂടുതല്‍ തിരിച്ചടിയാവുക. കൂടാതെ,ബ്രസീലിനും മെക്സിക്കോയ്ക്കും ഇത് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, കാനഡ, ബ്രസീല്‍, മെക്‌സിക്കോ എന്നിവയാണ് യുഎസ് സ്റ്റീല്‍ ഇറക്കുമതിയുടെ ഏറ്റവും വലിയ സ്രോതസ്സുകള്‍, തൊട്ടുപിന്നാലെ ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നിവയുമുണ്ട്.

വ്യാപാര നയ പരിഷ്‌കരണത്തിന്റെ മറ്റൊരു പ്രധാന ഘട്ടത്തിലേക്കാണ് ട്രംപ് കടന്നിരിക്കുന്നത്. ന്യൂ ഓര്‍ലിയാന്‍സിലെ എന്‍എഫ്എല്‍ സൂപ്പര്‍ ബൗളിലേക്കുള്ള യാത്രാമധ്യേ ഞായറാഴ്ച എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് പുതിയ താരിഫിനെക്കുറിച്ച് വ്യക്തമാക്കിയത്.

പരസ്പരം താരിഫുകള്‍ ചുമത്തുന്നതിന്റെ ഭാഗമാണിതെന്നും ട്രംപ് സൂചിപ്പിച്ചു. മറ്റ് രാജ്യങ്ങള്‍ ചുമത്തുന്ന താരിഫ് നിരക്കുകളുമായി യുഎസ് പൊരുത്തപ്പെടുമെന്നും ഇത് എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വളരെ ലളിതമായി പറഞ്ഞാല്‍, അവര്‍ ഞങ്ങളില്‍ നിന്ന് നിരക്ക് ഈടാക്കുകയാണെങ്കില്‍, ഞങ്ങള്‍ അവരില്‍ നിന്ന് നിരക്ക് ഈടാക്കുന്നു,’ അദ്ദേഹം തന്റെ പരസ്പര താരിഫ് പദ്ധതിയെക്കുറിച്ച് പറഞ്ഞതിങ്ങനെ.

2016-2020 വരെയുള്ള തന്റെ ആദ്യ ഭരണത്തില്‍ ട്രംപ് ഉരുക്കിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും തീരുവ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് കാനഡ, മെക്‌സിക്കോ, ബ്രസീല്‍ എന്നിവയുള്‍പ്പെടെ നിരവധി വ്യാപാര പങ്കാളികള്‍ക്ക് ഡ്യൂട്ടി-ഫ്രീ ക്വാട്ടകള്‍ അനുവദിച്ചു. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ ക്വാട്ടകള്‍ ബ്രിട്ടന്‍, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയിലേക്ക് നീട്ടി. ഇതോടെ യുഎസ് സ്റ്റീല്‍ മില്‍ ശേഷി ഉപയോഗം സമീപ വര്‍ഷങ്ങളില്‍ കുറഞ്ഞുവെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide