ഒടുവിൽ വോട്ടിംഗിലും കടുപ്പിച്ച് ട്രംപ്, വോട്ടിന് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കും; എക്സിക്യൂട്ടീവ് ഓർഡർ പുറത്തിറക്കുമെന്ന് പ്രഖ്യാപനം

വാഷിംഗ്ടൺ: എല്ലാ വോട്ടർമാർക്കും വോട്ടെടുപ്പിന് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുന്ന എക്‌സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ നിയമത്തിന് ഒരു ഇളവും ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി.

“ഓരോ വോട്ടിലും വോട്ടർ ഐ.ഡി. നിർബന്ധമാണ്. ഇളവുകളൊന്നുമില്ല! ഇതിനായി ഞാൻ ഒരു എക്സിക്യൂട്ടീവ് ഓർഡർ പുറത്തിറക്കും,” ട്രംപ് ശനിയാഴ്ച തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

കൂടാതെ, വളരെ ഗുരുതരമായ രോഗമുള്ളവർക്കും, ദൂര സ്ഥലങ്ങളിൽ സേവനം ചെയ്യുന്ന സൈനികർക്കും മാത്രമായി തപാൽ വോട്ടുകൾ പരിമിതപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

2020-ൽ ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡനോട് താൻ പരാജയപ്പെട്ടത് വ്യാപകമായ തട്ടിപ്പ് മൂലമാണെന്ന ട്രംപിന്റെ തെറ്റായ ആരോപണങ്ങളെ തുടർന്നാണ് ഈ നീക്കം. ട്രംപും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ സഖ്യകക്ഷികളും അനധികൃത കുടിയേറ്റക്കാരുടെ വോട്ടെടുപ്പിനെക്കുറിച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. യു.എസിൽ പൗരന്മാരല്ലാത്തവരുടെ വോട്ടെടുപ്പ് നിയമവിരുദ്ധവും വളരെ അപൂർവ്വവുമാണ്.

വർഷങ്ങളായി, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ നിർത്തലാക്കണമെന്ന് ട്രംപ് ആവശ്യപ്പെടുന്നുണ്ട്. പകരം പേപ്പർ ബാലറ്റുകളും കൈകൊണ്ട് വോട്ടുകൾ എണ്ണുന്ന രീതിയും ഉപയോഗിക്കാനാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. എന്നാൽ, ഈ രീതി കൂടുതൽ സമയമെടുക്കുന്നതും ചെലവേറിയതും മെഷീൻ എണ്ണുന്നതിനേക്കാൾ കൃത്യത കുറഞ്ഞതുമാണെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

More Stories from this section

family-dental
witywide