
വാഷിംഗ്ടൺ: യുഎസ് സംസ്ഥാനമായ ഒറിഗണിലെ തിരക്കേറിയ നഗരമായ പോർട്ട്‌ലാൻഡിലേക്ക് സൈന്യത്തെ അയയ്ക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച പ്രഖ്യാപിച്ചു. ആവശ്യമെങ്കിൽ കൂടുതൽ നഗരങ്ങളിലേക്ക് നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കുമെന്ന ഭീഷണിയും ഉയർത്തിയിട്ടുണ്ട്.
“യുദ്ധം തകർത്ത പോർട്ട്‌ലാൻഡിനെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ സൈനികരെയും” നൽകാൻ പ്രതിരോധ വകുപ്പിനോട് നിർദ്ദേശിക്കുകയാണെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപനം നടത്തി. ” യുഎസ് ഇമിഗ്രേഷൻ, കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിന് ഈ തീരുമാനം ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, എപ്പോഴാണ് സൈനികരെ വിന്യസിക്കുകയെന്നോ എത്രനാൾ നീണ്ടുനിൽക്കുമെന്നോ ട്രംപ് വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വൈറ്റ് ഹൗസും നൽകിയില്ല.
അതേസമയം, സ്വന്തം നിലയിൽ നന്നായി പ്രവർത്തിക്കുന്ന ഒരു നഗരത്തിലേക്ക് സൈന്യത്തെ അയയ്ക്കുന്നതിലൂടെ ട്രംപ് തന്റെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് ഒറിഗൺ ഡെമോക്രാറ്റിക് ഗവർണർ ടീന കോടെക് പ്രതികരിച്ചു. ഇത്തരത്തിലൊരു സൈനിക വിന്യാസം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി സർക്കാർ, പൊലീസ്, ബിസിനസ്സ് നേതാക്കളും ഗവർണർക്ക് പിന്തുണ നൽകിയിട്ടുണ്ട്. ട്രംപ് നഗരത്തെ മോശമായി ചിത്രീകരിക്കുകയാണെന്നും വിമർശനം ഉയരുന്നുണ്ട്.
സൈന്യത്തെ ആവശ്യമില്ലെന്ന് ട്രംപിനോടും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിനോടും താൻ നേരിട്ട് പറഞ്ഞതായും അവിടെ സൈന്യത്തെ വിന്യസിക്കാൻ അദ്ദേഹത്തിന് അധികാരമില്ലെന്നും ഗവർണർ ടീന കോടെക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നഗരത്തിലെ പ്രശ്നങ്ങൾ തങ്ങൾക്കു കൈകാര്യം ചെയ്യാനാകുമെന്നും കലാപമോ, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രശ്നങ്ങളോ പോർട്ട്‌ലാൻഡിലില്ലെന്നും കോടെക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കടുത്ത എതിർപ്പ് മറികടന്ന് ട്രംപ് മുമ്പ് ലോസ് ഏഞ്ചൽസിൽ ഗാർഡ് സൈനികരെയും മറൈൻമാരെയും വിന്യസിച്ചിരുന്നു. പിന്നാലെ നാഷണൽ ഗാർഡിനെ ഷിക്കാഗോയിലേക്ക് അയയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു, പക്ഷേ ഇതുവരെ അതിലേക്ക് കടന്നിട്ടില്ല. ടെന്നസിയിലെ മെംഫിസിൽ ഉടൻ തന്നെ ഒരു വിന്യാസം പ്രതീക്ഷിക്കുന്നു, എന്നാൽ, അതിൽ ഏകദേശം 150 സൈനികർ മാത്രമേ ഉൾപ്പെടുകയുള്ളൂ.