
വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഔദ്യോഗിക ഛായാചിത്രം വൈറ്റ് ഹൗസിലെ പ്രധാന സ്ഥാനത്തുനിന്ന് മാറ്റി അത്ര പ്രാധാന്യമില്ലാത്ത ഒരിടത്ത് സ്ഥാപിച്ചു. ഒബാമയും നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇത് കൂടുതൽ വെളിപ്പെടുത്തുന്നു. സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച്, മുൻ പ്രസിഡന്റുമാരായ ജോർജ്ജ് ഡബ്ല്യു. ബുഷിന്റെയും ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷിന്റെയും ഛായാചിത്രങ്ങളും സമാനമായ രീതിയിൽ മാറ്റിയിട്ടുണ്ട്.
ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് ഒബാമയുടെ ഛായാചിത്രം ഗ്രാൻഡ് സ്റ്റെയർകേസിന് മുകളിലേക്ക് മാറ്റിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഈ ഭാഗം സാധാരണയായി ട്രംപിന്റെ കുടുംബാംഗങ്ങൾക്കും ഏതാനും ചില ഉദ്യോഗസ്ഥർക്കും രഹസ്യാന്വേഷണ ഏജന്റുമാർക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള സ്ഥലമാണ്. ദിവസവും വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ കാഴ്ചയിൽ നിന്ന് ഒഴിവാക്കി ബുഷിൻ്റെ ഛായാചിത്രങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ പ്രസിഡന്റുമാരുടെ ഛായാചിത്രങ്ങൾ വൈറ്റ് ഹൗസിന്റെ പ്രവേശന കവാടത്തിൽ, ഔദ്യോഗിക അതിഥികൾക്കും പൊതുജനത്തിനും കാണാൻ സാധിക്കുന്ന രീതിയിൽ പ്രദർശിപ്പിക്കുക എന്നത് വൈറ്റ് ഹൗസിലെ ഒരു കീഴ്വഴക്കമാണ്. എന്നാൽ ഇപ്പോൾ ഒബാമയുടെ ഛായാചിത്രം സ്വകാര്യ വസതിക്ക് സമീപമുള്ള ഗോവണിക്ക് മുകളിൽ, പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഒരിടത്താണ് തൂക്കിയിരിക്കുന്നത്.