
വാഷിംഗ്ടൺ: പുതിയ സ്വമേധയാ പലായന പദ്ധതി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിടാൻ തിരഞ്ഞെടുക്കുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് സൗജന്യ വൺ-വേ ഫ്ലൈറ്റുകളാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ‘പ്രോജക്ട് ഹോംകമിംഗ്’ എന്ന് പേരിട്ടിരിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഈ നീക്കം ഔദ്യോഗികമാക്കിയിട്ടുമുണ്ട്.
വൈറ്റ് ഹൗസിന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് പ്രഖ്യാപനം വന്നത്. ഈ ശ്രമത്തെ “നിയമവിരുദ്ധരായ കുടിയേറ്റക്കാര്‍ക്കുള്ള ആദ്യത്തെ സ്വയം-നാടുകടത്തൽ പ്രോഗ്രാം” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഏത് നിയമവിരുദ്ധ വിദേശിക്കും ഒരു വിമാനത്താവളത്തിൽ എത്തി രാജ്യത്ത് നിന്ന് സൗജന്യമായി പറന്നുപോകാം എന്ന് ട്രംപ് പറഞ്ഞു. പ്രക്രിയ സുഗമമാക്കാൻ സിബിപി ഹോം (CBP Home) എന്ന പുതിയ മൊബൈൽ ആപ്പും അദ്ദേഹം അവതരിപ്പിച്ചു.
“ഈ നാടുകടത്തൽ ബോണസ് അമേരിക്കൻ നികുതിദായകർക്ക് കോടിക്കണക്കിന് ഡോളർ ലാഭിക്കും. ബൈഡൻ ഈ രാജ്യത്തോട് ചെയ്തത് ഒരിക്കലും വിശദീകരിക്കാനാവില്ല, ഒരിക്കലും അംഗീകരിക്കില്ല. നിയമവിരുദ്ധർ പോകുമ്പോൾ, അത് നമുക്ക് ട്രില്യൺ കണക്കിന് ഡോളർ ലാഭിക്കും,” – ട്രംപ് പറഞ്ഞു.













