
റിയാദ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സാന്നിധ്യത്തിൽ നടക്കുന്ന ഗൾഫ് – യുഎസ് ഉച്ചകോടിക്ക് റിയാദിൽ തുടക്കം. പലസ്തീൻ വിഷയത്തിൽ തീരുമാനം ഉണ്ടാകണമെന്നും ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും യോഗത്തിൽ സൗദി കിരീടവകാശി ആവശ്യപ്പെട്ടു. യുദ്ധമവസാനിപ്പിക്കാൻ യുഎസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കണമെന്ന് ട്രംപും ഉച്ചകോടിയിൽ അഭിപ്രായപ്പെട്ടു. ഗൾഫ് രാഷ്ട്രങ്ങളുടെ ശ്രമങ്ങൾ അഭിനന്ദനാർഹമെന്നും ട്രംപ് വ്യക്തമാക്കി. ഉച്ചകോടിക്ക് മുമ്പ് സിറിയൻ പ്രസിഡന്‍റ് അഹ്‌മദ് അൽ ഷാറയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദി കിരീടാവകാശിയും, ഓൺലൈൻ വഴി തുർക്കി പ്രസിഡണ്ടും ചർച്ചയിൽ പങ്കെടുത്തു.
ഗാസയിലെ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും യുഎസ് ബന്ദിയെ വിട്ടയച്ചതിലൂടെ കഴിഞ്ഞ ദിവസം നല്ലൊരു ദിവസമായിരുന്നുവെന്നും ഉച്ചകോടിയിൽ ട്രംപ് പറഞ്ഞതും ശ്രദ്ധേയമായി. പലസ്തീനികൾക്ക് അന്തസ്സുള്ള ജീവിതം വേണം. എന്നാൽ ആളുകളെ തട്ടിക്കൊണ്ടുപോകുന്ന ഭരണകൂടമുള്ളപ്പോൾ അത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബ്രഹാം കരാറിലേക്ക് കൂടുതൽ രാജ്യങ്ങളെ എത്തിക്കാൻ ശ്രമങ്ങൾ തുടരുമെന്നും ഉച്ചകോടിയിൽ ട്രംപ് വ്യക്തമാക്കി.