
ദോഹ: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ദോഹ സന്ദര്‍ശനം ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലെ നിര്‍ണായക നിമിഷമാണെന്ന് ഖത്തറിലെ അമേരിക്കന്‍ അംബാസഡര്‍ ടിമ്മി ഡേവിഡ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പ്രധാന മേഖലകളിലുള്‍പ്പെടെ ബന്ധം കൂടുതല്‍ വികസിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും ടിമ്മി പറഞ്ഞു. ട്രംപിന്‍റെ ഗള്‍ഫ് സന്ദര്‍ശനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സന്ദര്‍ശനം ഒരു ഉജ്ജ്വലമായ അനുഭവമായി തോന്നുന്നു. ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലെ ഒരു വലിയ ആഘോഷ നിമിഷമായി ഇത് മാറുമെന്നും ടിമ്മി കൂട്ടിച്ചേര്‍ത്തു ‘യുഎസിന്റെ വിദേശനയത്തില്‍ ഖത്തര്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ച് അമേരിക്കയില്‍ കൂടുതല്‍ ധാരണയുണ്ടാകാന്‍ ഇത് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കയും ഖത്തറും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ പുതിയൊരു യുഗത്തിന് തുടക്കം കുറിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് പ്രസിഡന്‍റ് സന്ദര്‍ശനം.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.