
വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനിന് അയച്ച 2003ലെ ജന്മദിനാശംസാ കത്തിൽ ഡോണൾഡ് ട്രംപിന്‍റെ പേരും നഗ്നയായ സ്ത്രീയുടെ ചിത്രവും ഉൾപ്പെട്ടുവെന്ന വാൾ സ്ട്രീറ്റ് ജേണലിന്‍റെ വാർത്തക്കെതിരെ പത്രത്തിനും ഉടമ റൂപർട്ട് മർഡോക്കിനും എതിരെ കേസ് കൊടുക്കുമെന്ന് യുഎസ് പ്രസിഡന്‍റ്. ഇതൊരു തട്ടിപ്പാണെന്നും ഈ വ്യാജ വാർത്ത പ്രസിദ്ധീകരിക്കരുതെന്നും റൂപർട്ട് മർഡോക്കിനോട് പറഞ്ഞതാണെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ അദ്ദേഹം അത് പ്രസിദ്ധീകരിച്ചു. ഇപ്പോൾ അദ്ദേഹത്തിനെതിരെയും അദ്ദേഹത്തിന്‍റെ നിലവാരം കുറഞ്ഞ പത്രത്തിനെതിരെയും കേസ് കൊടുക്കാൻ പോകുകയാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
വാർത്താ മാധ്യമങ്ങൾക്കെതിരെ നിയമപരമായ ഭീഷണികൾ മുഴക്കുന്നത് ട്രംപിന് പുതിയ കാര്യമല്ല, പലപ്പോഴും യഥാർത്ഥ കേസുകളിലേക്ക് ഇത് എത്താറില്ല. ഈ പ്രത്യേക കേസിൽ, എന്തിനാണ് പത്രത്തിനെതിരെ കേസ് കൊടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ പക്ഷം അപകീർത്തികരമായ നുണകൾ പ്രചരിപ്പിച്ചു എന്നാണ് വിശേഷിപ്പിച്ചത്.
ട്രംപിന്‍റെ ഭീഷണിയെക്കുറിച്ചോ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അദ്ദേഹം മർഡോക്കുമായി നേരിട്ട് സംസാരിച്ചുവെന്ന വാദത്തെക്കുറിച്ചോ അഭിപ്രായം പറയാൻ ജേണലിന്‍റെ വക്താവ് വിസമ്മതിച്ചു. നേരത്തെ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിൽ കത്ത് വ്യാജമാണ് എന്ന് ട്രംപ് മർഡോക്കിന് വ്യക്തിപരമായി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ട്രംപിന്‍റെ ടീം പറഞ്ഞിരുന്നു.













