
വാഷിംഗ്ടൺ : ഡൊണാൾഡ് ട്രംപും എലോൺ മസ്‌കും തമ്മിലുള്ള സഖ്യം സ്‌പേസ് എക്‌സിന്റെ റോക്കറ്റുപോലെ ഉയരത്തിലേക്ക് കുതിച്ചുയരുകയായിരുന്നു. പെട്ടെന്ന് ട്രാക്ക് തെറ്റി പൊട്ടിത്തെറിച്ചിരിക്കുകയാണ് ഇപ്പോൾ. രണ്ട് ശക്തന്മാർ ഏറ്റുമുട്ടന്നത് ലോകം മുഴുവൻ കണ്ട് രസിക്കുകയുമാണ്.
മസ്കിൻ്റെ കമ്പനികളുമായി സർക്കാർ ഉണ്ടാക്കിയിരിക്കുന്ന എല്ലാ കരാറുകളും വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. അല്ലെങ്കിൽ തന്നെ ട്രംപുമായുള്ള കൂട്ടുകെട്ടിന്റെ പേരിൽ മസ്കിൻ്റെ ടെസ്ല കാറുകളുടെ വിൽപന ലോകം മുഴുവൻ കാര്യമായ കുറഞ്ഞിരിക്കുകയാണ്. ടെസ്ലക്ക് എതിരെ വലിയ ഒരു മൂവ്മെൻ്റ് തന്നെ ഉണ്ടാവുകയും എല്ലാ ഷോറൂമുകൾക്ക് പുറത്തും പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്.
കൈ പൊള്ളി തുടങ്ങിയതോടെ മസ്ക് വെറുതെ ഇരിക്കുന്നില്ല. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് മസ്ക് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. മാത്രമല്ല, യുഎസിൽ കോളിളക്കം സൃഷ്ടിച്ച ലൈംഗിക വിവാദമായ ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ ട്രംപിൻ്റെ പേരുണ്ടായിരുന്നു എന്നും അതു രഹസ്യമാക്കി പുറത്തുവിടാതെ സൂക്ഷിച്ചിരിക്കുകയുമാണെന്ന്തുറന്നടിച്ചിരിക്കുകയാണ് മസ്ക്. ട്രംപ് ഇറക്കുമതി താരിഫ് വർധിപ്പിച്ചതോടെ ഇത്തവണ കടുത്ത സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും മസ്ക് പ്രവചിച്ചിരിക്കുകയാണ്.
ദാസനും വിജയനും തെറ്റിയത് യുഎസിലെ പുതിയ ‘ബിഗ് ബ്യൂട്ടിഫുൾ ടാക്സ് ബില്ലിന്റെ’ പേരിലായിരുന്നു. ചെലവു കുറയ്ക്കാൻ വേണ്ടി ഒരു വകുപ്പു തന്നെ ഉണ്ടാക്കി, എല്ലാ വകുപ്പുകളിലും നിന്നും നിരവധി സർക്കാർ ഉദ്യാഗസ്ഥരെ വീട്ടിലേക്ക് പറഞ്ഞു വിടുകയും ലോകം മുഴുവൻ കൊടുത്തിരുന്ന നിരവധി സഹായങ്ങൾ നിർത്തലാക്കുകയും ചെയ്ത് അമേരിക്കയെ മഹത്തരമാക്കാൻ മസ്ക് ശ്രമിക്കുന്നതിനിടെയാണ് പുതിയ ബില്ലിൻ്റെ വരവ്. ആ ബിൽ മസ്കിനെ കാണിച്ചില്ല, അഭിപ്രായം ചോദിച്ചില്ല. അതിൽ മസ്കിനെ ചൊടിപ്പിച്ചു. അത് ധനക്കമ്മി വല്ലാതെ കൂട്ടുമെന്നാണ് മസ്കിൻ്റെ അഭിപ്രായം. എന്നാൽ അതിൽ മസ്ക് ഇടപെടേണ്ട എന്നാണ് ട്രംപിൻ്റെ നിലപാട്.
“നമ്മുടെ ബജറ്റിൽ, കോടിക്കണക്കിന് ഡോളറുകൾ ലാഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം, ഇലോണിന്റെ സർക്കാർ സബ്‌സിഡികളും കരാറുകളും അവസാനിപ്പിക്കുക എന്നതാണ്,” ട്രംപ് തന്റെ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. മസ്കിന്റെ സ്റ്റാർലിങ്ക്, സ്പേസ് എക്സ് കമ്പനികൾക്ക് വൻ സർക്കാർ ഇളവുകളും സബ്സിഡികളും അനുവദിച്ചിട്ടുണ്ട്. അത് ബൈഡൻ്റെ കാലം മുതലേ തുടരുന്നതാണ്.
ട്രംപ് നന്ദികേടാണ് കാട്ടുന്നതെന്നും താനില്ലായിരുന്നു എങ്കിൽ ട്രംപ് തിരഞ്ഞെടുപ്പ് ജയിക്കില്ലായിരുന്നു എന്ന് മസ്കും തിരിച്ചടിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിനു വേണ്ടി പണം വാരിയെറിയുകയായിരുന്നു മസ്ക്. അധികാരത്തിൽ ഏറിയ അന്നു മുതൽ ഇരുവരും ഒരുമിച്ചായിരുന്നു എല്ലായിടത്തും. ട്രംപിൻ്റെ കുടുംബാംഗത്തെ പോലെ വീട്ടിലും ഓഫിസിലും കയറി ഇറങ്ങാനുള്ള സ്വാതന്ത്ര്യവും മസ്കിനുണ്ടായിരുന്നു. കാര്യക്ഷമത വർധിപ്പിക്കാനും ചെലവ് വെട്ടിക്കുറക്കാനും ഡോജ് എന്നൊരു വകുപ്പുണ്ടാക്കി അതിന്റെ ചുമതല മസ്കിനും വിവേക് രാമസ്വാമിക്കും നൽകി. എന്നാൽ രാമസ്വാമി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഡോജിൻ്റെ പടിയിറങ്ങി. പിന്നെ മസ്കിൻ്റെ വിളയാട്ടമാണ് അമേരിക്ക കണ്ടത്.
ഡോജിൻ്റെ അധികാരം ഉപയോഗിച്ച് അമേരിക്കൻ സർക്കാരിൻ്റെ നിർണായകമായ ഒരുപാട് രേഖകൾ പരിശോധിക്കാനുള്ള അവകാശവും മസ്കിന് നൽകിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന വർധിപ്പിക്കാൻ ആവശ്യമായ ചില എക്സിക്യൂട്ടിവ് ഉത്തരവുകളും ട്രംപ് ഒപ്പിട്ടിരുന്നു. അത് ഇപ്പോൾ പിൻവലിക്കും എന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.













