
വാഷിംഗ്ടൺ: യുഎസ് മധ്യസ്ഥതയിൽ നടന്ന ഗാസ വെടിനിർത്തൽ നിർദ്ദേശത്തോടുള്ള ഹമാസിന്‍റെ പ്രതികരണത്തെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതിനെ ‘പൊസിറ്റീവായ മനോഭാവം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അടുത്ത ആഴ്ചയോടെ ഒരു കരാറിലെത്താൻ സാധിക്കുമെന്നുള്ള പ്രത്യാശയും പ്രകടിപ്പിച്ചു. ദി ജെറുസലേം പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മളിത് അവസാനിപ്പിക്കണം. ഗാസയെക്കുറിച്ച് എന്തെങ്കിലും ചെയ്യണം എന്ന് ട്രംപ് പറഞ്ഞു. അതേസമയം, ചർച്ചകളിലെ ഏറ്റവും പുതിയ വിവരങ്ങൾ തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ, ബന്ദി കൈമാറൽ കരാർ എന്നിവയുമായി ബന്ധപ്പെട്ട് മധ്യസ്ഥരായ ഖത്തറിനും ഈജിപ്തിനും ഹമാസ് പൊസിറ്റീവായ മറുപടി നൽകിയതായി ദി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. പലസ്തീൻ വിഭാഗങ്ങളുമായി ആഭ്യന്തര കൂടിയാലോചനകൾ പൂർത്തിയാക്കിയെന്നും മധ്യസ്ഥരുടെ ഏറ്റവും പുതിയ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഉടനടി ചർച്ചകളുടെ പുതിയ ഘട്ടം ആരംഭിക്കാൻ തയ്യാറാണെന്നും ഹമാസ് സ്ഥിരീകരിച്ചതായി ദി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേൽ ഇതിനോടകം അംഗീകരിച്ച 60 ദിവസത്തെ വെടിനിർത്തൽ കരാർ പ്രകാരം, ആദ്യ ദിവസം 10 ഇസ്രായേലി ബന്ദികളെയും അനിശ്ചിത എണ്ണം പലസ്തീൻ തടവുകാരുമായി കൈമാറും. ഇസ്രായേൽ വടക്കൻ ഗാസയുടെ ചില ഭാഗങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തുടങ്ങും. തുടർന്ന് ഇരുപക്ഷവും സ്ഥിരമായ വെടിനിർത്തലിനായുള്ള ചർച്ചകളിൽ പ്രവേശിക്കും.