
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് 2026-ൽ കഠിനമായ രോഗാവസ്ഥ ഉണ്ടാകുമെന്ന് പ്രവചനം. തിങ്കളാഴ്ച ലിമയിലെ ഒരു കടൽതീരത്ത് ഒത്തുകൂടിയ പെറുവിലെ ഷാമന്മാരാണ് തങ്ങളുടെ പ്രവചനങ്ങൾക്കൊണ്ട് വീണ്ടും ശ്രദ്ധ നേടുന്നത്.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്നും, അദ്ദേഹം വെനിസ്വേലയിൽ നിന്ന് പലായനം ചെയ്യുമെന്നും ഇവർ പ്രവചിക്കുന്നു. എന്നാൽ അദ്ദേഹം പിടിയിലാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
യുക്രെയ്നിലെ യുദ്ധം അവസാനിക്കുമെന്നും സമാധാനത്തിന്റെ പതാക ഉയരുമെന്നും ചില ഷാമന്മാർ പ്രവചിക്കുമ്പോൾ, ആഗോള സംഘർഷങ്ങൾ തുടരുമെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു.
വ്ലാദിമിർ പുടിൻ, ഷി ജിൻപിങ്, വൊളോഡിമിർ സെലെൻസ്‌കി തുടങ്ങിയ ലോകനേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ചും ഇവർ പ്രത്യേക ആചാരങ്ങൾ നടത്തി.
പെറുവിലെ മുൻ പ്രസിഡന്റ് ആൽബർട്ടോ ഫുജിമോറിയുടെ മകൾ കെയ്‌കോ ഫുജിമോറി 2026-ൽ പെറുവിലെ പ്രസിഡന്റായി വിജയിക്കുമെന്ന പ്രവചനവും ഇവർ നടത്തിയിട്ടുണ്ട്.
പരമ്പരാഗതമായ ആചാരങ്ങൾക്കും നൃത്തങ്ങൾക്കും ഒപ്പം പുഷ്പങ്ങളും ചന്ദനത്തിരികളും ഉപയോഗിച്ചാണ് ഷാമന്മാർ ഈ പ്രവചനങ്ങൾ നടത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ ചില പ്രവചനങ്ങൾ ഫലിച്ചിട്ടുണ്ടെങ്കിലും, പലപ്പോഴും ഇവ കൃത്യമാകാറില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പെറുവിലെ ലിമയിൽ എല്ലാ വർഷവും ഡിസംബർ അവസാന വാരത്തിൽ ഷാമന്മാർ ഒത്തുചേർന്ന് നടത്തുന്ന പ്രവചനങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഭൂകമ്പങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. പരമ്പരാഗത ആൻഡിയൻ വസ്ത്രങ്ങൾ ധരിച്ച്, ഔഷധസസ്യങ്ങളും ആയുവാസ്ക (Ayahuasca) പോലുള്ള പാനീയങ്ങളും ഉപയോഗിച്ചാണ് ഇവർ ഈ ആചാരങ്ങൾ നടത്തുന്നത്. ഈ പ്രവചനങ്ങൾ പലപ്പോഴും ലോകനേതാക്കളുടെ ചിത്രങ്ങൾ വെച്ചുള്ള ചടങ്ങുകളിലൂടെയാണ് അവതരിപ്പിക്കാറുള്ളത്.
Trump will fall seriously ill, Maduro will lose power – Peruvian shamans’ prediction is under discussion.















