ന്യൂയോർക്ക് ∙ ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലേക്ക് വരില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ട്രംപിന്റെ ഈ വർഷത്തെ വിദേശപര്യടന പദ്ധതിയിൽ ഇന്ത്യയില്ലെന്ന് വൈറ്റ് ഹൗസ് കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞതാണെങ്കിലും ഇന്ത്യ–യുഎസ് വ്യാപാരബന്ധം മോശമായ സാഹചര്യത്തിലാണ് സന്ദർശനം വേണ്ടെന്ന് വച്ചിരിക്കുന്നത്.
ജനുവരിയിൽ ട്രംപ് അധികാരമേറ്റതിനു പിന്നാലെ ഓസ്ട്രേലിയ, യുഎസ്, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സുരക്ഷാ കൂട്ടായ്മയായ ക്വാഡിന്റെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം യുഎസിലായിരുന്നു നടന്നത്. ഈ വർഷം അവസാനം ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കെയാണ് ട്രംപിന്റെ മാറുന്ന നിലപാടും ചർച്ചയാവുന്നത്. നോബൽ പുരസ്കാരവും അലോസരപ്പെടുത്തുന്ന ഫോൺ കോളും: ട്രംപ്-മോദി ബന്ധം എങ്ങനെ അനാവരണം ചെയ്യപ്പെട്ടു’ എന്ന തലക്കെട്ടിൽ ട്രംപുമായി ബന്ധമുള്ള ഉയർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ന്യൂയോർക്ക് ടൈംസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യ -യു.എസ് വ്യാപാരബന്ധം സമ്മർദ്ദത്തിലായിരിക്കെ, ഇന്ത്യ -പാക്ക് സംഘർഷം പരിഹരിച്ചുവെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്ക് ശേഷം ട്രംപും മോദിയും തമ്മിലുള്ള ബന്ധം എങ്ങനെ വഷളായി എന്നതിനെക്കുറിച്ചാണ് ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ പറയുന്നത്. സമാധാനത്തിനുള്ള നോബൽ പുരസ്കാരം മുൻ അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമക്ക് ലഭിച്ചതിന് സമാനമായി നേടുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നും ഇതിനായി പാക്കിസ്ഥാൻ ട്രംപിനെ നോമിനേറ്റ് ചെയ്യാൻ തയ്യാറാണ്. ഇന്ത്യയും സമാനമായ നിലപാട് സ്വീകരിക്കണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. എന്നാൽ, ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതാണ് ഇന്ത്യ-യു.എസ് ബന്ധം വഷളാക്കിയതെന്നും ലേഖനത്തിൽ പരാമർശമുണ്ട്. എന്നാൽ ന്യൂയോർക്ക് ടൈംസിന്റെ ലേഖനത്തിലെ ഉള്ളടക്കത്തെ കുറിച്ച് യു.എസിൽ നിന്നോ ഇന്ത്യയിൽ നിന്നോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല.















