
വാഷിംഗ്ടണ്‍: മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ചൊവ്വാഴ്ച മുതല്‍ 25% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത് വടക്കേ അമേരിക്കയില്‍ ഒരു വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുകയും സാമ്പത്തിക വിപണികളെ തകിടം മറിക്കുകയും ചെയ്തു. ട്രംപിന്റെ പ്രസ്താവനകള്‍ വന്നതോടെ, ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ യുഎസ് ഓഹരികള്‍ കുത്തനെ ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല മെക്‌സിക്കന്‍ പെസോയും കനേഡിയന്‍ ഡോളറും ഇടിഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെ 12:01 EST (0501 GMT) മുതല്‍ താരിഫ് പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് ഭരണകൂടം സ്ഥിരീകരിച്ചു.
‘അവര്‍ക്ക് ഒരു താരിഫ് ഏര്‍പ്പെടുത്തേണ്ടി വരും. അതിനാല്‍ അവര്‍ ചെയ്യേണ്ടത് യുഎസില്‍ അവരുടെ കാര്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുക എന്നതാണ്, സത്യം പറഞ്ഞാല്‍, അമേരിക്കയില്‍ മറ്റ് കാര്യങ്ങള്‍ ചെയ്യുക, ഈ സാഹചര്യത്തില്‍ അവര്‍ക്ക് താരിഫുകളൊന്നുമില്ല,’ ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു.
കാനഡയില്‍നിന്നും മെക്സിക്കോയില്‍നിന്നുമുള്ള ഇറക്കുമതികള്‍ക്ക് 25 ശതമാനം താരിഫുകളും ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 10 ശതമാനം അധിക താരിഫുകളും ഫെബ്രുവരി ആദ്യ ആഴ്ചയാണു ട്രംപ് പ്രഖ്യാപിച്ചത്. പിന്നീട് കാനഡ, മെക്സിക്കോ രാജ്യങ്ങളിലെ ഇറക്കുമതികള്‍ക്കുള്ള താരിഫ് 30 ദിവസത്തേക്കു താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
അതോടൊപ്പം യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ ഏപ്രില്‍ 2 മുതല്‍ പരസ്പര താരിഫ് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 900 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള വാര്‍ഷിക യുഎസ് ഇറക്കുമതി ഉള്‍ക്കൊള്ളുന്ന കാനഡയ്ക്കും മെക്‌സിക്കോയ്ക്കും മേലുള്ള ട്രംപിന്റെ താരിഫ് വടക്കേ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതരമായ തിരിച്ചടി സൃഷ്ടിക്കുമെന്ന് സിഇഒമാരും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ വില വര്‍ദ്ധനവ് കാണാന്‍ കഴിയുമെന്ന് കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ പബ്ലിക് പോളിസി പ്രൊഫസറായ ഗുസ്താവോ ഫ്‌ലോറസ്-മേഷ്യാസ് പറഞ്ഞു. മാത്രമല്ല വില കൂടുന്നതോടെ ആവശ്യകത കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.