തലസ്ഥാന നഗരിയെ ഫെഡറൽ ഭരണത്തിന് കീഴിലാക്കുമെന്ന് ട്രംപിൻ്റെ ഭീഷണി; എഫ്ബിഐ ഏജന്റുമാർ പോലീസിനൊപ്പം പട്രോളിംഗിന് ഇറങ്ങുന്നു

വാഷിംഗ്ടൺ: വാഷിങ്ടൺ ഡിസിയിൽ കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തലസ്ഥാന നഗരിയെ ഫെഡറൽ ഭരണത്തിന് കീഴിലാക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. എഫ്ബിഐ ഏജന്റുമാരെ നഗരത്തിൽ പട്രോളിംഗിന് നിയോഗിക്കാനാണ് നീക്കം. അതേസമയം, നഗരത്തിലെ ഉദ്യോഗസ്ഥർ ട്രംപിന്റെ തീരുമാനത്തോട് വലിയ എതിർപ്പ് പ്രകടിപ്പിക്കുന്നില്ല.

വാരാന്ത്യത്തിൽ 450 ഫെഡറൽ ഉദ്യോഗസ്ഥരെ വിന്യസിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം. കഴിഞ്ഞയാഴ്ച നഗരത്തിലെ വർധിച്ച കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ നാഷണൽ ഗാർഡിനെ അയക്കുമെന്നും അദ്ദേഹം സൂചന നൽകിയിരുന്നു.

പുതിയ പദ്ധതി പ്രകാരം, 130-ഓളം എഫ്ബിഐ ഏജന്റുമാർ ഡിസി പോലീസിനൊപ്പം പട്രോളിംഗിനിറങ്ങും. മോഷ്ടിക്കപ്പെട്ട വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക, അറസ്റ്റ് വാറണ്ടുകൾ നടപ്പിലാക്കുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകളെന്ന് പദ്ധതിയുമായി ബന്ധമുള്ള ഒരാൾ സിഎൻഎന്നിനോട് പറഞ്ഞു. പ്രാദേശിക പോലീസിനൊപ്പം എഫ്ബിഐ ഏജന്റുമാർ പട്രോളിംഗ് നടത്തുന്നത് അസാധാരണമാണ്. ഈ നീക്കത്തെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത് ‘ദ വാഷിങ്ടൺ പോസ്റ്റ്’ ആണ്.

വാഷിങ്ടൺ ഡിസിയിലെ കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയുമെന്ന് അവകാശപ്പെട്ട് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഒരു പത്രസമ്മേളനം നടത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു. ഞായറാഴ്ച സമൂഹമാധ്യമങ്ങളിൽ ട്രംപ് പങ്കുവെച്ച കുറിപ്പിൽ ഇങ്ങനെ പറയുന്നു: “നമ്മുടെ തലസ്ഥാനത്തെ ഞാൻ സുരക്ഷിതവും മനോഹരവുമാക്കും. ഭവനരഹിതർ ഉടനടി ഇവിടെ നിന്ന് ഒഴിഞ്ഞുപോകണം. അവർക്ക് താമസിക്കാൻ മറ്റ് സ്ഥലങ്ങൾ നൽകും, പക്ഷേ അത് തലസ്ഥാനത്ത് നിന്ന് വളരെ അകലെയായിരിക്കും. കുറ്റവാളികളെ നിങ്ങൾ ഒഴിഞ്ഞുപോകേണ്ടതില്ല, നിങ്ങളെ ജയിലിലടയ്ക്കും, അതാണ് നിങ്ങൾക്ക് ചേർന്ന സ്ഥലം.”

Also Read

More Stories from this section

family-dental
witywide