ട്രംപിന്റെ 25% വാഹന നികുതി യുഎസില്‍ പ്രാബല്യത്തില്‍

ആഗോള വിപണിയെത്തന്നെ പിടിച്ചുലച്ചുകൊണ്ടാണ് അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ 25% വാഹന നികുതി യുഎസില്‍ പ്രാബല്യത്തില്‍ വന്നത്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25% തീരുവയാണ് നല്‍കേണ്ടത്. പുതിയ തീരുവകളുടെ വലിയ ആഘാതം നിക്ഷേപകരിലും ആഗോള വാഹന വ്യവസായത്തിലും വരും മാസങ്ങളില്‍, അല്ലെങ്കില്‍ വര്‍ഷങ്ങളില്‍ കാര്യമായി പ്രകടമാകും.

യുഎസില്‍ നിര്‍മ്മിക്കാത്ത ഏതൊരു വാഹനത്തിനും 25% തീരുവ ബാധകമാണ്. കഴിഞ്ഞ വര്‍ഷം ആഭ്യന്തരമായി വിറ്റഴിച്ച ഏകദേശം 16 ദശലക്ഷം വാഹനങ്ങളില്‍ 46% ഇത് വരുമെന്ന് എസ് & പി ഗ്ലോബല്‍ മൊബിലിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. എഞ്ചിനുകള്‍, ട്രാന്‍സ്മിഷനുകള്‍ പോലുള്ള ചില വാഹന ഭാഗങ്ങളിലും താരിഫ് ഏര്‍പ്പെടുത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പറയുന്നു, അവ മെയ് 3 ന് മുമ്പ് പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ട്രംപിന്റെ തീരുവ വാഹന കമ്പനികളുടെ വരുമാനം കുറയ്ക്കുകയും വ്യവസായത്തെ മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. ”നാലോ ആറോ ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വാഹന ഇറക്കുമതിയില്‍ 25% വര്‍ദ്ധനവ് മുഴുവന്‍ മേഖലയെയും തളര്‍ത്തും, നിര്‍മ്മാതാക്കള്‍ അതിന്റെ ആഘാതം നേരിടേണ്ടിവരും” ബേണ്‍സ്‌റ്റൈന്‍ അനലിസ്റ്റ് ഡാനിയേല്‍ റോസ്‌ക നിക്ഷേപകര്‍ക്ക് നല്‍കിയ ഒരു സമീപകാല കുറിപ്പില്‍ പറയുന്നു.

അതേസമയം, താരിഫുകളില്‍ തുടക്കത്തില്‍ ചില ‘ബുദ്ധിമുട്ടുകള്‍’ ഉണ്ടായേക്കാമെന്ന് ട്രംപ് തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഈ നടപടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അമേരിക്കന്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും യുഎസിന് 100 ബില്യണ്‍ ഡോളറിലധികം പുതിയ വാര്‍ഷിക വരുമാനം ലഭിക്കുമെന്നും താന്‍ വിശ്വസിക്കുന്നുവെന്നാണ് ട്രംപിന്റെ ന്യായം.

ട്രംപിന്റെ യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ-കാനഡ വ്യാപാര കരാറിന് അനുസൃതമായ വാഹനങ്ങളും പാര്‍ട്‌സുകളും താരിഫ് രഹിതമാക്കണമെന്ന് വാഹന നിര്‍മ്മാതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഇതുവരെ ഇളവുകളൊന്നും നല്‍കിയിട്ടില്ല. പക്ഷേ വാഹന ഓഹരികള്‍ അസ്ഥിരമായി തുടരുമെന്ന് വാള്‍ സ്ട്രീറ്റ് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

തീരുവയില്‍പ്പെട്ട് വട്ടംചുറ്റുന്നത് ഏതൊക്കെ കമ്പനികളാണ് ? ഏറ്റവും കൂടുതല്‍ അപകടസാധ്യതയിലാകുന്നത് ആരാണ് ? ഏതൊക്കെ വാഹനങ്ങളെ ബാധിക്കും, തീരുവകള്‍ വരുമാനത്തെ എത്രത്തോളം ബാധിക്കും, എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് നിക്ഷേപകര്‍ ഉയര്‍ത്തുന്നത്.

യുഎസ് നിര്‍മ്മിതം എന്നാല്‍ യുഎസില്‍ പൂര്‍ണമായും നിര്‍മ്മിക്കുന്നത് എന്ന് അര്‍ത്ഥമില്ല. ലളിതമായി പറഞ്ഞാല്‍, ഒരു വാഹനവും പൂര്‍ണ്ണമായും ആഭ്യന്തരമായി നിര്‍മ്മിക്കുന്നില്ല. വാഹനങ്ങള്‍ യുഎസില്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും, അതിന്റെ എല്ലാ പാര്‍ട്‌സുകളും രാജ്യത്ത് നിര്‍മ്മിക്കുന്നതല്ല. വാഹനഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് യുഎസില്‍വെച്ച് കൂട്ടിയോജിപ്പിച്ച് നിര്‍മ്മിച്ചെടുക്കുന്ന പ്രക്രിയയാണ് നടക്കുക. പുതിയ കാറുകള്‍ക്കും ട്രക്കുകള്‍ക്കുമുള്ള പതിനായിരക്കണക്കിന് പാര്‍ട്‌സുകള്‍ ഒരു ആഗോള വിതരണ ശൃംഖലയില്‍ നിന്നാണ് വരുന്നത്. യുഎസില്‍ നിന്നുള്ള മുഴുവന്‍ ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു യുഎസ് കാര്‍ നിര്‍മ്മാതാവ് എന്ന ആശയം നിലവിലില്ലാത്ത ഒരു സാങ്കല്‍പ്പിക കഥയാണെന്നും ഈ ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും വെഡ്ബുഷ് അനലിസ്റ്റ് ഡാന്‍ ഐവ്‌സ് ചൂണ്ടിക്കാട്ടുന്നു.

ഫോര്‍ഡ് മോട്ടോറിന്റെ എഫ്-150 ഉദാഹരണമായി എടുത്താല്‍ യുഎസില്‍വെച്ച് ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിച്ചെടുക്കുന്നതാണ്. ഇതിന് ഏകദേശം 2,700 പ്രധാന ബില്‍ ചെയ്യാവുന്ന ഭാഗങ്ങള്‍ ഉണ്ടെന്ന് എഞ്ചിനീയറിംഗ് ബെഞ്ച്മാര്‍ക്കിംഗ്, കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കെയര്‍സോഫ്റ്റ് പറയുന്നു. അവയില്‍ ചെറിയ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നില്ല എന്നതും ശ്രദ്ധേയം. ആ ഭാഗങ്ങള്‍ കുറഞ്ഞത് 24 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നാണ് എത്തുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ പൂര്‍ണമായി ഒരു വാഹനം യുഎസില്‍ നിര്‍മ്മിച്ചെടുക്കുക യുഎസില്‍ നിലവില്‍ അസാധ്യം.

വാഹന പാര്‍ട്സുകളുടെ താരിഫ് പ്രഖ്യാപിക്കുന്നത് നിര്‍ണായകമായിരിക്കും. നിലവില്‍ USMCA വ്യാപാര കരാറിന് അനുസൃതമായ ഭാഗങ്ങള്‍ താരിഫ് രഹിതമായിരിക്കും. പക്ഷേ അത് എത്രനാളെന്ന് കണ്ടറിയണം.

ഏറ്റവും കൂടുതല്‍ സ്വാധീനിക്കപ്പെട്ട വാഹന നിര്‍മ്മാതാക്കളായി എസ് & പി ഗ്ലോബല്‍ മൊബിലിറ്റി റിപ്പോര്‍ട്ട് ചെയ്യുന്ന വോള്‍വോ, മാസ്ഡ, ഫോക്സ്വാഗണ്‍, ഹ്യുണ്ടായ് മോട്ടോര്‍ (ജെനസിസ്, കിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ) എന്നിവ അവരുടെ യുഎസ് വില്‍പ്പനയുടെ 60% എങ്കിലും 2024 ല്‍ യുഎസിന് പുറത്തുനിന്നാണ് ഇറക്കുമതി ചെയ്തത്. ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്സ്, ടൊയോട്ട മോട്ടോര്‍, ഹോണ്ട മോട്ടോര്‍, ക്രൈസ്ലര്‍ മാതൃ കമ്പനിയായ സ്റ്റെല്ലാന്റിസ് എന്നിവയാണ് എസ് & പി ഗ്ലോബല്‍ മൊബിലിറ്റി പ്രകാരം യുഎസില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷം യു.എസ്. പാസഞ്ചര്‍ ലൈറ്റ്-വെഹിക്കിള്‍ ഉല്‍പ്പാദനത്തിന്റെ 67% ഈ അഞ്ച് വാഹന നിര്‍മ്മാതാക്കളാണ് നിര്‍വഹിച്ചത്. യു.എസ്.-അസംബിള്‍ ചെയ്ത വാഹനങ്ങളുടെ മൂല്യത്തിന്റെ 57% ഇറക്കുമതി ചെയ്യുന്നതാണെന്ന് ബെര്‍ണ്‍സ്‌റ്റൈന്‍ കണക്ക് വ്യക്തമാക്കുന്നു. അതായത് കാറുകളുടെയും ട്രക്കുകളുടെയും ഒന്നാം നമ്പര്‍ യു.എസ്. നിര്‍മ്മാതാക്കളായ ഫോര്‍ഡ് പോലുള്ള കമ്പനികളെ ഇപ്പോഴും താരിഫുകള്‍ കാര്യമായി ബാധിക്കും.

More Stories from this section

family-dental
witywide