
ന്യൂഡൽഹി: ഇന്ത്യക്കെതിരായി ഡോണള്‍ഡ് ട്രംപിൻ്റെ 50% ഇറക്കുമതി തീരുവ രാജ്യത്തെ ഉല്‍പാദന മേഖലയ്ക്ക് വലിയ വെല്ലുവിളിയുയര്‍ത്തുന്നുവെന്ന ഭീതിയിൽ വ്യവസായികൾ. അമേരിക്ക ഇന്ത്യയ്ക്ക് 25% തീരുവ ചുമത്തിയപ്പോൾ ലാഭം കുറച്ചും വിലപേശിയും പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നുവെന്നും എന്നാല്‍, 50% തീരുവ വന്നാല്‍ ഒന്നും ചെയ്യാനാകില്ലെന്നും ഇന്ത്യയിലെ പ്രമുഖ ഷൂ നിര്‍മാതാക്കളായ ഫരീദ ഗ്രൂപ്പിന്റെ ചെയര്‍മാനായ റഫീക്ക് അഹമ്മദ് വ്യക്തമാക്കി. ഫരീദ ഗ്രൂപ്പിന്റെ 60% ബിസിനസും യുഎസിനെ ആശ്രയിച്ചാണ്. കോള്‍ ഹാന്‍, ക്ലാര്‍ക്ക്‌സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന ഫരീദ ഗ്രൂപ്പ് നിലവിൽ ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ തമിഴ്നാട്ടില്‍ ആരംഭിക്കാനിരുന്ന 100 കോടി രൂപയുടെ പുതിയ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.
അടുത്ത വര്‍ഷത്തെ വേനല്‍ക്കാല ഓര്‍ഡറുകള്‍ ലഭിക്കേണ്ട സമയമാണിതെന്നും എന്നാല്‍, ഇറക്കുമതി തീരുവ 50% ആയതിനാല്‍ പല ഉപഭോക്താക്കളും ഓര്‍ഡര്‍ നല്‍കാന്‍ മടിക്കുകയാണെന്നും ഇന്ത്യന്‍ കയറ്റുമതി സംഘടനകളുടെ ഫെഡറേഷന്‍ സിഇഒ അജയ് സഹായ് പ്രതികരിച്ചു. കയറ്റുമതിക്കാര്‍ക്ക് ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ വില കുറയ്ക്കുക എന്നതല്ലാതെ മറ്റ് ഇത് അവരുടെ ലാഭത്തെ സാരമായി ബാധിക്കുമെന്നും ടെക്‌നോക്രാഫ്റ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശരദ് കുമാര്‍ സറഫും അഭിപ്രായപ്പെട്ടു.
അതേസമയം, യുഎസ് ഉപരോധം ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രോണിക്‌സ് എന്നിവയെ തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ടെങ്കിലും അമേരിക്കയുടെ തീരുവ ഇന്ത്യയുടെ 87 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിക്ക് ഭീഷണിയാണെന്നും ഇറക്കുമതി തീരുവ 50% ആക്കിയാല്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 60% വരെ കുറയാന്‍ സാധ്യതയുണ്ടെന്നും ബ്ലൂംബെര്‍ഗ് ഇക്കണോമിക്‌സ് വിലയിരുത്തി.