
വാഷിംഗ്ടൺ: അമേരിക്ക ലോകത്തെ ഏറ്റവും സമ്പന്നവും ആദരവും ലഭിക്കുന്ന രാജ്യമാണെന്ന് പറഞ്ഞുകൊണ്ട് ഒരു വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉയര്‍ന്ന വരുമാനക്കാര്‍ ഒഴികെയുള്ള ഓരോ അമേരിക്കന്‍ പൗരന്റെയും അക്കൗണ്ടിലേക്ക് 2,000 ഡോളര്‍ വീതം നിക്ഷേപിക്കുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. തീരുവ വരുമാനത്തില്‍ നിന്നുള്ള ലാഭവിഹിതമാണ് ഇത്തരത്തില്‍ അക്കൗണ്ടിലൂടെ എത്തുകയെന്നും ട്രംപ് വ്യക്തമാക്കി. എന്നുവെച്ചാല്‍ ഏകദേശം 1.77 ലക്ഷം രൂപയിലധികം ഓരോരുത്തര്‍ക്കും ലഭിക്കുമെന്നാണ് ട്രംപ് പറയുന്നത്.
അമേരിക്കയില്‍ പണപ്പെരുപ്പം ഇപ്പോള്‍ ഇല്ലേയില്ലെന്നും ഓഹരി വിപണികള്‍ റെക്കോര്‍ഡ് ഉയരത്തിലാണെന്നും പറഞ്ഞ ട്രംപ് തീരുവയെ എതിര്‍ക്കുന്നവര്‍ മണ്ടന്മാരാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ കുറിച്ചു.
” നമുക്ക് 37 ട്രില്യന്‍ ഡോളറിന്റെ വമ്പന്‍ കടബാധ്യതയുണ്ട്. തീരുവയുടെ വരുമാനമായി ലഭിക്കുന്ന ട്രില്യന്‍ കണക്കിന് ഡോളര്‍ ഉപയോഗിച്ച് അതൊക്കെ തീര്‍ക്കാം. അമേരിക്കയിലേക്ക് നിക്ഷേപം ഒഴുകുകയാണ്. മിക്കയിടത്തും ഫാക്ടറികള്‍ തുറക്കും. ഉയര്‍ന്ന വരുമാനക്കാര്‍ ഒഴികെയുള്ള എല്ലാ അമേരിക്കക്കാരുടെയും അക്കൗണ്ടില്‍ തീരുവയില്‍ നിന്നുള്ള ലാഭവിഹിതമായി മിനിമം 2,000 ഡോളര്‍ വീതം നല്‍കും” – ട്രംപ് കുറിച്ചു.
എന്നാല്‍, ഞായറാഴ്ച എബിസി ന്യൂസിന്റെ ‘ദിസ് വീക്ക്’ എന്ന അഭിമുഖത്തില്‍ സംസാരിക്കവെ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, ട്രംപിന്റെ ലാഭവിഹിതത്തെക്കുറിച്ച് വ്യക്തതയില്ലെന്ന് പറഞ്ഞിരുന്നു. താന്‍ ഇതേക്കുറിച്ച് ട്രംപുമായി സംസാരിച്ചില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാത്രമല്ല, 2,000 ഡോളര്‍ എന്ന ലാഭവിഹിതം പല രൂപത്തിലും, പല തരത്തിലും വരാം എന്നും അത് വാഹന വായ്പകളുടെ കിഴിവായി പോലും ലഭിക്കാമെന്നും ജോര്‍ജ്,’ ബെസെന്റ് പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ മുതലാണ് ട്രംപ് ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങള്‍ക്കുംമേല്‍ പകരംതീരുവ പ്രഖ്യാപിച്ചത്. തുടര്‍ന്ന് മേയില്‍ 23.9 ബില്യന്‍ ഡോളര്‍ തീരുവ വരുമാനം യുഎസിന് ലഭിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലൈയില്‍ ലഭിച്ചത് 29 ബില്യനായിരുന്നു. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുപ്രകാരം 2025 സാമ്പത്തിക വര്‍ഷത്തില്‍ തീരുവയായി ട്രംപ് ഭരണകൂടം 215.2 ബില്യന്‍ ഡോളറാണ് പിരിച്ചെടുത്തത്.
Trump claimed that a “dividend of at least $2000 a person” will be paid to all Americans except for “high-income people.















