
വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി’ തങ്ങളുടെ പ്രവർത്തനം നിർത്തിയെന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്ന് അധികൃതർ. റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകൾ തള്ളിക്കൊണ്ട് ഡോജിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ട് തിങ്കളാഴ്ച വ്യക്തമായ പ്രസ്താവന പുറപ്പെടുവിച്ചു.
‘പതിവുപോലെ റോയിട്ടേഴ്സിന്റെ വ്യാജ വാർത്ത’ എന്ന് റോയിട്ടേഴ്സിനെ ടാഗ് ചെയ്തുകൊണ്ട് ഡോജ് കുറിച്ചു. “അമേരിക്കൻ ജനത പ്രസിഡന്‍റ് ട്രംപിന് ഫെഡറൽ സർക്കാരിനെ ആധുനികീകരിക്കാനും പാഴ്ചെലവ്, തട്ടിപ്പ്, ദുരുപയോഗം എന്നിവ ഇല്ലാതാക്കാനും അധികാരം നൽകിയിട്ടുണ്ട്. ഞങ്ങൾ പൂർണമായും പ്രവർത്തനരതമാണ്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ സാധാരണ പതിവ് അപ്ഡേറ്റുകളുമായി മടങ്ങിവരും,” ഡോജ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച മാത്രം 78 അനാവശ്യ കരാറുകൾ റദ്ദാക്കി നികുതിദായകർക്ക് 335 മില്യൺ ഡോളർ ലാഭം ഉണ്ടാക്കിയെന്നും വെള്ളിയാഴ്ചകളിലെ പതിവ് റിപ്പോർട്ട് ഉടൻ പുനരാരംഭിക്കുമെന്നും ഡോജ് വ്യക്തമാക്കി. എന്നാൽ ഈ മാസം ആദ്യം ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റ് ഡയറക്ടർ സ്കോട്ട് കുപോർ റോയിട്ടേഴ്സിനോട് ഡോജ് നിലവിൽ പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു.
ഇലോൺ മസ്ക് എട്ട് മാസം മുമ്പ് നേതൃസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ വകുപ്പിന് വ്യക്തമായ ഒരു തലവനില്ലാത്തത് അതിന്റെ തുടർപ്രവർത്തനത്തെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. സർക്കാർ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർധിപ്പിക്കാനും ട്രംപ് രൂപീകരിച്ച ഈ സംവിധാനത്തിന്റെ ഭാവി ഇപ്പോഴും വ്യക്തമല്ലെങ്കിലും, ഏറ്റവും പുതിയ പ്രസ്താവനയിലൂടെ ഡോജ് തങ്ങൾ ഇനിയും സജീവമാണെന്ന സന്ദേശം ശക്തമായി നൽകുകയാണ്.















