
ദില്ലി: അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ അധിക തീരുവ മറുപടിയായി ഇന്ത്യ പകരം തീരുവ ചുമത്തണമെന്ന നിര്‍ദേശം കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്തേക്കും. അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതിന് പകരം നടപടികൾ വേണമെന്ന ആവശ്യം ശക്തമായതോടെയാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്. പാര്‍ലമെന്‍റിൽ എംപിമാർ ഈ ആവശ്യമുന്നയിച്ച് നോട്ടീസ് നൽകും. ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കാത്തത് ദൗർബല്യമായി വ്യഖ്യാനിക്കുമെന്ന് ബിജെപിയിലും അഭിപ്രായമുയരുന്നുണ്ട്.
അമേരിക്കയുടെ
അധിക തീരുവ ഏര്‍പ്പെടുത്തിയുള്ള നടപടിക്കിടെ റഷ്യൻ പ്രസിഡന്‍റ് പുടിനുമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചിരുന്നു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിലടക്കം അമേരിക്ക കടുത്ത എതിര്‍പ്പ് തുടരുന്നതിനിടെയിലും റഷ്യയുമായുള്ള വ്യാപാരത്തിലടക്കം വിട്ടുവീഴ്ചയില്ലെന്ന നിലപാട് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതേസമയം, ആഗസ്റ്റ് 15 ന് ന് അലാസ്കയിൽ നടക്കുന്ന അമേരിക്കയും റഷ്യയും തമ്മിലുള്ള കൂടിക്കാഴ്ചയെ ഇന്ത്യ സ്വാഗതം ചെയ്തു. റഷ്യ-യുക്രെയ്ൻ സംഘര്‍ഷം തീരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.