സർവ്വം ട്രംപ് മയം! ഫോട്ടോ വയ്ക്കാൻ ഒരു മടിയുമില്ല, ദേശീയോദ്യാനങ്ങളിലെ വാർഷിക പ്രവേശന പാസുകളിലും പ്രസിഡന്‍റിന്‍റെ ചിത്രം; വിവാദം

വാഷിംഗ്ടൺ: അമേരിക്കൻ ദേശീയോദ്യാനങ്ങളിലെ വാർഷിക പ്രവേശന പാസുകളിൽ മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്ക് പകരം പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ വിമർശനം ഉയരുന്നു. സെൻ്റർ ഫോർ ബയോളജിക്കൽ ഡൈവേഴ്സിറ്റി എന്ന പരിസ്ഥിതി സംഘടനയാണ് ഈ മാറ്റം തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. 2026 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരാനിരിക്കുന്ന ഈ മാറ്റത്തിനെതിരെ ബുധനാഴ്ചയാണ് സംഘടന വാഷിംഗ്ടൺ ഡിസിയിലെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്.

ദേശീയോദ്യാനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ദി ഇൻ്റീരിയർ അടുത്തിടെയാണ് പാസുകൾക്കായി പുതിയ രൂപകൽപ്പനകൾ പുറത്തിറക്കിയത്. ഇതിൽ ഒന്നാണ് ട്രംപിൻ്റെ ചിത്രത്തോടൊപ്പം ജോർജ്ജ് വാഷിംഗ്ടൺൻ്റെ ചിത്രവും ഉൾപ്പെടുത്തിയുള്ള രൂപകൽപ്പന. അമേരിക്കയുടെ 250-ാം വാർഷികത്തെയും നമ്മുടെ ഭൂമി സംരക്ഷിച്ച തലമുറകളെയും ആദരിക്കുന്ന ‘അമേരിക്ക ദി ബ്യൂട്ടിഫുൾ’ പാസ് പ്രദർശിപ്പിക്കുന്നത് വകുപ്പിന് ലഭിച്ച ബഹുമതിയാണെന്ന് സെക്രട്ടറി ഡഗ് ബർഗം വകുപ്പിൻ്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.

സാധാരണയായി, ‘അമേരിക്ക ദി ബ്യൂട്ടിഫുൾ’ പാസുകളിൽ, വാർഷിക ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയിക്കുന്ന പ്രകൃതിദൃശ്യങ്ങളുടെ ചിത്രമാണ് ഉൾപ്പെടുത്താറുള്ളത്. എന്നാൽ പുതിയ പാസിൽ, ഗ്ലേസിയർ ദേശീയോദ്യാനത്തിൻ്റെ വിജയിച്ച ചിത്രത്തിന് പകരം ട്രംപിൻ്റെ ചിത്രം ഉൾപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് സെൻ്റർ ഫോർ ബയോളജിക്കൽ ഡൈവേഴ്സിറ്റി വാദിക്കുന്നു.

More Stories from this section

family-dental
witywide