
വാഷിംഗ്ടണ്‍: സർക്കാർ ഭരണസ്തംഭനത്തിന്‍റെ രാഷ്‌ട്രീയം തന്‍റെ കൈവിട്ടുപോകുകയാണെന്ന് വിലയിരുത്തലുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എന്നാൽ, ഈ പ്രതിസന്ധിക്ക് വേഗത്തിൽ അന്ത്യം കുറിക്കാൻ കഴിയുന്ന ഡെമോക്രാറ്റിക് ആവശ്യങ്ങൾ അംഗീകരിക്കാൻ അദ്ദേഹം ഒരുക്കമല്ല. ട്രംപിന്‍റെ രണ്ടാം ടേമിലെ ഏറ്റവും കടുപ്പമേറിയ ആഴ്ചകളിലൊന്നിന് ശേഷം പ്രതിസന്ധി പരിഹരിക്കുന്നതിനും, തനിക്ക് വീണ്ടും മേൽക്കൈ നേടുന്നതിനും ഏറ്റവും ലളിതമായ മാർഗ്ഗം ഫിലിബസ്റ്റർ അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പരസ്യമായും സ്വകാര്യമായും പറയുന്നു.
അതിനാൽ, ഫിലിബസ്റ്റർ ഒഴിവാക്കി സർക്കാർ ഏകപക്ഷീയമായി തുറക്കാൻ അദ്ദേഹം സെനറ്റ് റിപ്പബ്ലിക്കൻമാരോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് ശേഷം, ഡെമോക്രാറ്റുകളെ പൂർണ്ണമായും ഒഴിവാക്കാനുള്ള പ്രസിഡന്‍റിന്‍റെ ഈ സമ്മർദ്ദം വർധിച്ചു. എങ്കിലും, കാപ്പിറ്റോൾ ഹില്ലിലെ പാർട്ടി നേതാക്കൾ അത്തരമൊരു കടുത്ത നടപടിയെ എതിർക്കുന്നുണ്ട്. ഭരണസ്തംഭനം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് നിയമനിർമ്മാതാക്കൾ പ്രതീക്ഷിക്കുന്ന ഇരുപാർട്ടി ചർച്ചകൾക്ക് വേഗതയുണ്ടായിട്ടും ട്രംപിൻ്റെ ഈ നിലപാടിൽ മാറ്റമില്ല.















