
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ മുൻ വ്യക്തിഗത അഭിഭാഷകനെ ഫെഡറൽ അപ്പലേറ്റ് ജഡ്ജിയായി സെനറ്റ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. 50-49 എന്ന കക്ഷിപരമായ വോട്ടിലാണ് എമിൽ ബോവിക്ക് നിയമനം ലഭിച്ചത്. റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റ്, ഡെമോക്രാറ്റുകളുടെ കടുത്ത എതിർപ്പുകൾക്കിടയിലും മൂന്നാം യുഎസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് ജഡ്ജിയായി എമിൽ ബോവിയെ (44) സ്ഥിരീകരിക്കുകയായിരുന്നു. ഈ മാസം ആദ്യം നടന്ന സെനറ്റ് കമ്മിറ്റി യോഗത്തിൽ ഡെമോക്രാറ്റുകൾ പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയിരുന്നു.
റിപ്പബ്ലിക്കൻ സെനറ്റർമാരായ അലാസ്കയിൽ നിന്നുള്ള ലിസ മർക്കോവ്സ്കിയും മെയ്നിൽ നിന്നുള്ള സൂസൻ കോളിൻസും ബോവിയുടെ നിയമനത്തിനെതിരെ വോട്ട് ചെയ്തെങ്കിലും, 53-47 ഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ റിപ്പബ്ലിക്കൻമാർക്ക് നിയമനം സാധ്യമാക്കാൻ കഴിഞ്ഞു.
മുൻ ഫെഡറൽ പ്രോസിക്യൂട്ടറായ ബോവി, നീതിന്യായ വകുപ്പിലെ മൂന്നാമത്തെ ഉയർന്ന ഉദ്യോഗസ്ഥനായിരിക്കെയാണ് ട്രംപിനാൽ നാമനിർദ്ദേശം ചെയ്യപ്പെട്ടത്. അദ്ദേഹത്തിന്‍റെ നാമനിർദ്ദേശം കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയിലെ ഡെമോക്രാറ്റിക് നേതാവ് സെനറ്റർ ഡിക്ക് ഡർബിൻ, ബോവിക്ക് പുതിയ ജോലി ലഭിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാത്രി അദ്ദേഹത്തെ നിശിതമായി വിമർശിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കി.