ട്രംപിനെ വിമർശനങ്ങൾ കൊണ്ട് മൂടി ലിയോ പതിനാലാമൻ മാ‍ർപ്പാപ്പയുടെ അടുത്ത അനുയായി; നാടുകടത്തൽ മനുഷ്യത്വരഹിതമെന്ന് കർദിനാൾ മക്എൽറോയ്

റോം: ട്രംപ് ഭരണകൂടത്തിന്‍റെ കുടിയേറ്റ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭയിലെ പ്രമുഖനും പോപ്പ് ലിയോ പതിനാലാമന്‍റെ അടുത്ത അനുയായിയുമായ കർദിനാൾ റോബർട്ട് മക്എൽറോയ്. കുടിയേറ്റക്കാരെ കൂട്ടമായി പിടികൂടി നാടുകടത്തുന്നത് മനുഷ്യത്വരഹിതവും അധാർമികവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വാഷിംഗ്ടൺ ഡിസിയുടെ ആർച്ച് ബിഷപ്പ് കൂടിയാണ് കർദിനാൾ മക്എൽറോയ്.

ട്രംപിന്‍റെ പ്രധാന നികുതി-ചെലവ് ബില്ലിനോടുള്ള ശക്തമായ എതിർപ്പും അദ്ദേഹം പ്രകടിപ്പിച്ചു. ഇറാനുമേൽ യുഎസും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളുടെ അപകടസാധ്യതകളെക്കുറിച്ചും സഭയിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “നമ്മുടെ അതിർത്തികൾ നിയന്ത്രിക്കാൻ കഴിയുന്നത് ശരിയായ കാര്യമാണ്. എന്നാൽ, ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ അതിനപ്പുറമാണ്. ഇത് സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും കുടുംബങ്ങളെയും വേർപെടുത്തുന്ന, കൂട്ടായതും വിവേചനരഹിതവുമായ നാടുകടത്തലാണ്. ഇത് അക്ഷരാർത്ഥത്തിൽ കുടുംബങ്ങളെ കീറിമുറിക്കുകയാണ്” – കർദിനാൾ മക്എൽറോയ് പറഞ്ഞു.

ഡോണാൾഡ് ട്രംപ് പ്രസിഡന്‍റായി ചുമതലയേറ്റ ജനുവരി മാസത്തിലാണ് മക്എൽറോയിയെ പോപ്പ് ഫ്രാൻസിസ് യുഎസ് തലസ്ഥാനത്തെ അതിരൂപതയുടെ തലവനായി നിയമിച്ചത്. മെയ് മാസത്തിൽ ആദ്യത്തെ അമേരിക്കൻ പോപ്പിനെ തിരഞ്ഞെടുത്ത കോൺക്ലേവിൽ പങ്കെടുത്ത നൂറിലധികം കർദിനാൾമാരിൽ ഒരാളായിരുന്നു അദ്ദേഹം.
ഫ്ലോറിഡയിലെ അലിഗേറ്റർ അൽകാട്രാസ് എന്നറിയപ്പെടുന്ന കുടിയേറ്റ തടങ്കൽ കേന്ദ്രം ട്രംപ് സന്ദർശിച്ച അതേ ദിവസം തന്നെ റോമില്‍ വച്ച് അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചതെന്നുള്ളത് ശ്രദ്ധേയമാണ്.

More Stories from this section

family-dental
witywide