
വാഷിംഗ്ടൺ: ഫെഡറൽ ട്രേഡ് കമ്മീഷനിലെ ഉദ്യോഗസ്ഥരെയും മറ്റ് സ്വതന്ത്ര ഏജൻസികളിലെ ഉദ്യോഗസ്ഥരെയും പിരിച്ചുവിടാനുള്ള അധികാരം എന്നതിലുപരി, പ്രസിഡന്‍റിന് കൂടുതൽ വിപുലമായ അധികാരം വേണമെന്ന വാദം ഉയർത്തി ഡോണൾഡ് ട്രംപിന്‍റെ അഭിഭാഷകൻ ജോൺ സോയർ. ഈ നീക്കത്തിനെതിരെ ലിബറൽ ജസ്റ്റിസ് എലീന കാഗൻ ശക്തമായ മുന്നറിയിപ്പ് നൽകി. “ഒരിക്കൽ നിങ്ങൾ ഈ വഴിയിലൂടെ മുന്നോട്ട് പോയാൽ, എവിടെ നിർത്തണമെന്ന് കാണാൻ അൽപ്പം ബുദ്ധിമുട്ടാണ്” എന്നവര്‍ പറഞ്ഞു.
ഇതിന് മറുപടിയായി സോയർ, ഞങ്ങൾ ഈ വഴിയിലൂടെ പോയതല്ല. കോടതി തന്നെയാണ് ഈ വഴിയിലൂടെ സഞ്ചരിച്ചിട്ടുള്ളത് എന്ന് പറഞ്ഞു. ട്രംപിന്‍റെ എക്സിക്യൂട്ടീവ് അധികാരത്തോടുള്ള ഈ ആക്രമണാത്മക സമീപനത്തിന് കോടതിയിലെ യാഥാസ്ഥിതിക ഭൂരിപക്ഷം പിന്തുണ നൽകുന്നുണ്ട്. 2024ൽ ട്രംപിനെ ക്രിമിനൽ പ്രോസിക്യൂഷനിൽ നിന്ന് സംരക്ഷിച്ച സുപ്രീം കോടതിയുടെ സുപ്രധാന വിധി, അദ്ദേഹത്തിന്‍റെ അധികാരപ്രയോഗങ്ങളെ പൊതുവായി കൂടുതൽ പ്രോത്സാഹിപ്പിച്ചു.
ട്രംപിന്‍റെ അഭിഭാഷകന്‍റെ ഈ വാദം അംഗീകരിക്കുകയാണെങ്കിൽ, ഫെഡറൽ റിസർവ് ഉൾപ്പെടെ പതിറ്റാണ്ടുകളായി രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് സംരക്ഷിക്കപ്പെട്ടിരുന്ന നിരവധി സ്വതന്ത്ര ഏജൻസികളുടെ സ്വാതന്ത്ര്യം ഇല്ലാതാകാനും, പ്രസിഡന്‍റ് സർക്കാരിലെ എല്ലാ കാര്യങ്ങളിലും നേരിട്ട് നിയന്ത്രണം സ്ഥാപിക്കാനും കഴിയും എന്നാണ് ജസ്റ്റിസ് കാഗൻ ഉൾപ്പെടെയുള്ള ലിബറൽ ജസ്റ്റിസുമാർ നൽകുന്ന മുന്നറിയിപ്പ്.














