ട്രംപിന്റെ കാലിന് നീര്‍വീക്കം, ഞരമ്പുകളെ ബാധിക്കുന്ന രോഗാവസ്ഥ കണ്ടെത്തി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാലുകളില്‍ നീര്‍വീക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാല്‍ ഞരമ്പുകളെ ബാധിക്കുന്ന ക്രോണിക് വീനസ് ഇന്‍സഫിഷന്‍സി (chronic venous insufficiency-CVI) രോഗാവസ്ഥ കണ്ടെത്തി. ഭയപ്പെടാനില്ലെന്നും ഇതൊരു സാധാരണ രോഗാവസ്ഥയാണെന്നും വൈറ്റ് ഹൗസ് വ്യാഴാഴ്ച പറഞ്ഞു.

കാലുകളില്‍ നേരിയ വീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രസിഡന്റിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഗുരുതരമായ അവസ്ഥയില്ലെന്നും പ്രസിഡന്റിന്റെ ഡോക്ടര്‍ ഷോണ്‍ ബാര്‍ബബെല്ല പറഞ്ഞു. 79 വയസ്സുള്ള പ്രസിഡന്റ് ആരോഗ്യവാനായി തുടരുന്നുവെന്നും ബാര്‍ബറല്ല പറഞ്ഞു. വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റാണ് ഇക്കാര്യം അറിയിച്ചത്.

വാരാന്ത്യത്തില്‍ ന്യൂജേഴ്സിയില്‍ നടന്ന ക്ലബ് വേള്‍ഡ് കപ്പ് സോക്കര്‍ ഫൈനലില്‍ എത്തിയ പ്രസിഡന്റിന്റെ ഫോട്ടോകളില്‍ അദ്ദേഹത്തിന്റെ കണങ്കാലുകളില്‍ നീരുണ്ടെന്നത് പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാലുകളിലെ സിരകള്‍ക്ക് ഹൃദയത്തിലേക്ക് ആവശ്യത്തിന് രക്തം തിരികെ പമ്പ് ചെയ്യാന്‍ കഴിയാത്ത ഒരു അവസ്ഥയാണ് ക്രോണിക് വെനസ് ഇന്‍സഫിഷന്‍സി (സിവിഐ). സാധാരണയായി രണ്ട് കാലുകളെയും ഇത് ബാധിക്കാറുണ്ടെങ്കിലും, ഇത് ഒരു കാലില്‍ ആരംഭിച്ച് കാലക്രമേണ വഷളാകുന്ന രീതിയിലേക്കും എത്താം.

More Stories from this section

family-dental
witywide