
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് അധികാരപരിധി മറികടന്നുവെന്ന് വിമര്‍ശനവുമായി യുഎസ് ഫെഡറൽ കോടതി. വിവിധ രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തിയ നടപടികളിലാണ് വിമര്‍ശനം. ട്രംപിന്‍റെ അധിക തീരുവ അമേരിക്കയിലെ സാധാരണക്കാരനിൽ തുടങ്ങി വൻകിട കോർപ്പറേറ്റ് കമ്പനികളെ വരെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അധിക തീരുവ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നും യുഎസ് കോടതി നിർദേശിച്ചിട്ടുണ്ട്.
മാൻഹട്ടനിലെ അന്താരാഷ്ട്ര വ്യാപാരത്തിന് വേണ്ടിയുള്ള യുഎസ് കോടതിയാണ് ട്രംപിന്റെ അധിക തീരുവ തടഞ്ഞത്. എന്നാൽ, തീരുമാനത്തിനെതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകിയിട്ടുണ്ട്. രാജ്യങ്ങൾക്കുമേൽ ഏകപക്ഷീയമായി തീരുവ ചുമത്താൻ പ്രസിഡന്‍റിന് അധികാരമില്ലെന്നും യുഎസ് കോൺഗ്രസാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഈ നിലപാട് സ്വീകരിച്ചത്. ഏപ്രിൽ 2ന് ട്രംപ് വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ അധിക തീരുവയും അതിന് മുമ്പ് ചൈന, മെക്സികോ, കാനഡ തുടങ്ങിയവക്കുമേൽ ഏർപ്പെടുത്തിയ അധിക നികുതിയും ഇതോടെ ഇല്ലാതാകും. 10 ദിവസത്തിനകം ഇതുസംബന്ധിച്ച് ഉത്തരവിറക്കാൻ ട്രംപിനോട് നിർദേശിച്ചിട്ടുണ്ട്.















