
ന്യൂഡല്‍ഹി : ഇരു രാജ്യങ്ങളും തമ്മിലുള്ള തീരുവ പോരാട്ടം തുടരുന്നതിനിടെ ഐടി മേഖലയില്‍ ഇന്ത്യക്ക് പണി തരാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ഐടി കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ‘ഔട്ട്സോഴ്സിങ്’ നിര്‍ത്തലാക്കാനാണ് ട്രംപിന്റെ നീക്കം. യുഎസ് ഐടി സ്ഥാപനങ്ങളില്‍ നിന്നുള്ള ഔട്ട്സോഴ്സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയില്‍ ഇതു വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
തീരുമാനം നടപ്പിലായാല്‍, ഇന്ത്യന്‍ ഐടി സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയാകും. ഇന്ത്യന്‍ ഐടി മേഖലയെ വലിയ തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വലതുപക്ഷ ആക്ടിവിസ്റ്റ് ലോറ ലൂമര്‍ തന്റെ സമീപകാല പോസ്റ്റിലാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നതായി അവകാശപ്പെട്ടതെന്നാണ് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ‘യുഎസ് ഐടി കമ്പനികള്‍ അവരുടെ ജോലി ഇന്ത്യന്‍ കമ്പനികള്‍ക്ക് ഔട്ട്സോഴ്സ് ചെയ്യുന്നത് തടയുന്നത് പ്രസിഡന്റ് ട്രംപ് ഇപ്പോള്‍ പരിഗണിക്കുന്നു,” ലൂമര്‍ തന്റെ പോസ്റ്റില്‍ ആരോപിച്ചു. ഐടി സേവനങ്ങള്‍ക്കായി ഇനി അമേരിക്കക്കാര്‍ ഇംഗ്ലിഷ് ഭാഷയ്ക്കു വേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും കോള്‍ സെന്ററുകള്‍ വീണ്ടും അമേരിക്കന്‍ ആകുമെന്നും ലോറ ലൂമര്‍ പരിഹാസരൂപേണ തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.














