
ഒട്ടാവ: വാഹനങ്ങള്‍ക്കും വാഹന പാര്‍ട്ട്‌സുകള്‍ക്കും 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ നീക്കം കാനഡയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണം ആണെന്നും കാനഡ പ്രതികരിക്കുമെന്നും പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. പ്രസിഡന്റ് ട്രംപ് ഏര്‍പ്പെടുത്തിയ ഏറ്റവും പുതിയ തീരുവകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു കാര്‍ണി.
നേരത്തെ, യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കും വാഹന പാര്‍ട്ട്‌സുകള്‍ക്കും ഡോണള്‍ഡ് ട്രംപ് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചിരുന്നു. ഈ തീരുവ എപ്പോഴുമുണ്ടായിരിക്കുമെന്നും ചര്‍ച്ചചെയ്ത് കുറയ്ക്കാന്‍ താത്പര്യമില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനോട് ഉടന്‍ തന്നെ പ്രതികരിച്ച കനേഡിയന്‍ പ്രധാനമന്ത്രി ‘ഇത് കാനഡയ്‌ക്കെതിരായ വളരെ നേരിട്ടുള്ള ആക്രമണമാണ്’ എന്നാണ് പറഞ്ഞത്. ‘ഞങ്ങള്‍ ഞങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കും, ഞങ്ങളുടെ കമ്പനികളെ സംരക്ഷിക്കും, ഞങ്ങളുടെ രാജ്യത്തെയും ഞങ്ങള്‍ പ്രതിരോധിക്കും.’ എന്നും കാര്‍ണി പറഞ്ഞു.
‘ഡൊണാള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനോട് പ്രതികരിക്കുന്നതിന് മുമ്പ് അതിന്റെ വിശദാംശങ്ങള്‍ നമ്മള്‍ കാണേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ഈ ‘ന്യായീകരിക്കാനാവാത്ത’ നീക്കത്തിനെതിരെ പ്രതികരിക്കുന്നതിനായി കാബിനറ്റ് കമ്മിറ്റിയുമായുള്ള പ്രത്യേക യോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ കാര്‍ണി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കി ഒട്ടാവയിലേക്ക് ഉടന്‍ മടങ്ങാനും തീരുമാനിച്ചു.