ട്രംപിൻ്റെ പുതിയ നയങ്ങൾ; യുഎസിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ കോവിഡ് കാലഘട്ടം ഒഴികെ മുൻ വർഷത്തേക്കാൾ കുറവ്

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ പുതിയ നയങ്ങളും വിസ പരിഷ്കാരങ്ങളും കാരണം ഇന്ത്യയിൽ അമേരിക്കയിലേക്ക് പോകുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്. ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് പോകുന്ന ഏറ്റവും ഉയർന്ന യാത്രാ മാസമായ ജൂണിൽ പോലും സന്ദർശകരുടെ എണ്ണം വളരെ കുറവാണ് അനുഭവപ്പെടുന്നത്. കോവിഡ് കാലഘട്ടം ഒഴികെ, ഈ സഹസ്രാബ്ദത്തിൽ ആദ്യമായി യുഎസിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തിൽ കുറവ് രേഖപ്പെടുത്തി.

ഈ വർഷം ജൂണിൽ 2.1 ലക്ഷം ഇന്ത്യക്കാർ അമേരിക്കയിലേക്ക് പോയെങ്കിലും കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ എട്ട് ശതമാനം കുറവാണിതെന്ന് യുഎസ് വാണിജ്യ വകുപ്പിന്റെ നാഷണൽ ട്രാവൽ ആൻഡ് ടൂറിസം ഓഫീസിന്റെ (എൻ‌ടി‌ടി‌ഒ) കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ പോലെ ജൂലൈയിലും കഴിഞ്ഞ വർഷത്തെ ജൂലൈ മാസത്തേക്കാൾ 5.5 ശതമാനം കുറവാണ് സന്ദർശകരുടെ എണ്ണം.ഇന്ത്യയിൽ നിന്ന് മാത്രമല്ല ട്രംപിൻ്റെ നയങ്ങളിൽ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ടെന്നാണ് എൻടിടിഒ റിപ്പോർട്ട്.

യുഎസിലേക്കുള്ള മൊത്തം വിദേശ സന്ദർശകരുടെ എണ്ണം 2024 ജൂണിനെ അപേക്ഷിച്ച് 2025 ജൂണിൽ 6.2 ശതമാനവും മെയ് മാസത്തിൽ 7 ശതമാനവും മാർച്ചിൽ 8 ശതമാനവും ഫെബ്രുവരിയിൽ 1.9 ശതമാനവും കുറവ് അനുഭവപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ ഈ ജനുവരിയിൽ 4.7 ശതമാനവും ഏപ്രിലിൽ 1.3 ശതമാനവും വർധനവുമുണ്ടായിരുന്നു.

ഡോണാൾഡ് ട്രംപ് തന്റെ രണ്ടാം പ്രസിഡന്റായി അധികാരമേറ്റ ശേഷം സ്വീകരിച്ച കർശനമായ വിസ വ്യവസ്ഥയാണ് ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായ ഇടിവിന് കാരണമെന്നാണ് യാത്രാ മേഖലയിലെ പ്രമുഖർ പറയുന്നത്. ഇനിയും ഇതേ അവസ്ഥ തുടർന്നാൽ അതിന്റെ ആഘാതം കൂടുതൽ പ്രകടമാകും. കാരണം ‘ യുഎസ് കൂടുതലും 10 വർഷത്തെ സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വിസിറ്റ്, ബിസിനസ് വിസകൾ (B1/B2) നൽകുന്നതിനാൽ ഇതിനകം അവ ഉള്ള ആളുകൾക്ക് യാത്ര തുടരാം. എന്നാൽ ദീർഘമായ അപ്പോയിന്റ്മെന്റ് സമയങ്ങൾ അല്ലെങ്കിൽ കർശനമായ ഇഷ്യു മാനദണ്ഡങ്ങൾ പോലുള്ള കാരണങ്ങളാൽ പുതിയ വിസകളെ ബാധിച്ചാൽ, സമയ കാലതാമസത്തോടെ അതിന്റെ ആഘാതം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

More Stories from this section

family-dental
witywide