
വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിൽ പെട്ടെന്നുണ്ടായ മാറ്റം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിനെന്ന് വെളിപ്പെടുത്തൽ. ചർച്ചകൾക്കായി മോസ്കോയെ പ്രേരിപ്പിക്കാനും ലക്ഷ്യമിട്ടാണെന്ന് ഈ നീക്കമെന്ന്
യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.
യുക്രെയ്നിന് തങ്ങളുടെ നഷ്ടപ്പെട്ട എല്ലാ പ്രദേശങ്ങളും തിരികെ പിടിക്കാനാകുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. യുദ്ധഭൂമിയിൽ വലിയൊരു മാറ്റമില്ലാതെ ഈ നിലപാട് സ്വീകരിക്കാൻ നാറ്റോ നേതാക്കളിൽ പലരും തയ്യാറല്ല. എന്നാൽ, ഇരുപക്ഷത്തെയും ഒരു സമാധാന കരാറിലെത്തിക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
ട്രംപിന്റെ ഈ പുതിയ നിലപാട് യഥാർത്ഥത്തിൽ ഒരു പുതിയ റൗണ്ട് ചർച്ചകൾക്ക് വഴിയൊരുക്കുമോ എന്ന് കണ്ടറിയണം. റഷ്യക്ക് മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയോ യുക്രെയ്നിന് കൂടുതൽ സൈനിക സഹായം നൽകുകയോ ചെയ്യുന്നത് പോലുള്ള പുതിയ നടപടികൾ പ്രസിഡന്റോ ഉന്നത ഉദ്യോഗസ്ഥരോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.