‘ഏഴല്ല, എട്ട് വിമാനങ്ങള്‍ വെടിവച്ചിട്ടു’ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ട്രംപിന്റെ പുതിയ ‘അപ്‌ഡേറ്റ്’; താരിഫുകള്‍ ഇല്ലായിരുന്നെങ്കില്‍, സംഘര്‍ഷം അവസാനിക്കില്ലായിരുന്നുവെന്നും ട്രംപ്

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ താനാണ് മധ്യസ്ഥത വഹിച്ചതെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധത്തിനിടയില്‍ ഏഴ് യുദ്ധവിമാനങ്ങളാണ് വെടിവെച്ചിട്ടതെന്നായിരുന്നു മുമ്പ് ട്രംപ് ആവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇക്കുറി അതിലും മാറ്റമുണ്ട്. യുദ്ധത്തിനിടെ എട്ടുവിമാനങ്ങളാണ് വെടിവെച്ചിട്ടതെന്നാണ് ഒടുവിലായി അദ്ദേഹം പറഞ്ഞത്. തകര്‍ത്ത വിമാനങ്ങള്‍ ഏതു രാജ്യത്തിന്റേതാണെന്ന് ട്രംപ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇന്നലെ മയാമിയില്‍ നടന്ന അമേരിക്ക ബിസിനസ് ഫോറത്തില്‍ സംസാരിക്കവെയാണ് തന്റെ അവകാശവാദം ട്രംപ് ആവര്‍ത്തിച്ചത്. ആണവായുധങ്ങളുള്ള രണ്ട് രാജ്യങ്ങളും മെയ് മാസത്തില്‍ സമാധാനത്തിലെത്തിയെന്നും വ്യാപാര കരാറുകള്‍ റദ്ദാക്കുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചതെന്നുമായിരുന്നു ട്രംപ് ആവര്‍ത്തിച്ചത്. എന്നാല്‍ ഇക്കാര്യം ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിക്കുന്നുണ്ട്. പാക്കിസ്ഥാന്റെ ആവശ്യപ്രകാരമാണ് സമാധാന കരാറിലെത്തിയതെന്നാണ് ഇന്ത്യയുടെ വിശദീകരണം.

കൊസോവോ-സെര്‍ബിയ, കോംഗോ-റുവാണ്ട എന്നിവയ്ക്ക് പുറമേ, പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷവും താന്‍ അവസാനിപ്പിച്ചതായാണ് ട്രംപ് ഇന്നലെ പറഞ്ഞത്. താനിതുവരെ എട്ട് സംഘര്‍ഷങ്ങളില്‍ ഇടപെട്ട് അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു വ്യാപാര കരാറിന്റെ മധ്യത്തിലായിരുന്നു ഞാന്‍, അപ്പോള്‍ ഒരു പത്രത്തിന്റെ ഒന്നാം പേജില്‍ ഞാന്‍ വായിച്ചു… അവര്‍ യുദ്ധത്തിന് പോകുകയാണെന്ന്. ഏഴ് വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തി, എട്ടാമത്തേതിന് ഗുരുതരമായി നാശം സംഭവിച്ചു. എട്ട് വിമാനങ്ങള്‍ അടിസ്ഥാനപരമായി വെടിവെച്ചിട്ടു. ഞാന്‍ പറഞ്ഞു, ഇത് യുദ്ധമാണ്, നിങ്ങള്‍ സമാധാനത്തിന് സമ്മതിക്കുന്നില്ലെങ്കില്‍ ഞാന്‍ നിങ്ങളുമായി ഒരു വ്യാപാര കരാറിലും ഏര്‍പ്പെടില്ല. – ട്രംപ് പറഞ്ഞു.

അടുത്ത ദിവസം രണ്ട് രാജ്യങ്ങളും സമാധാനം സ്ഥാപിച്ചതായി എനിക്ക് ഒരു കോള്‍ ലഭിച്ചു. ‘ഞാന്‍ പറഞ്ഞു, ‘നന്ദി. നമുക്ക് വ്യാപാരം നടത്താം’. അത് മികച്ചതല്ലേ? താരിഫുകള്‍ ഇല്ലായിരുന്നെങ്കില്‍, അത് ഒരിക്കലും സംഭവിക്കില്ലായിരുന്നു,’ ട്രംപ് ഇത്രയും പറഞ്ഞുനിര്‍ത്തുമ്പോള്‍ ജനക്കൂട്ടം അദ്ദേഹത്തെ ആഹ്ലാദത്തോടെ അഭിവാദ്യം ചെയ്യുകയായിരുന്നു.

Trump’s new ‘update’ on India-Pakistan conflict: ‘Not seven, but eight planes shot down.